മുംബൈ: ഇംഗ്ലണ്ടിനെതിരായ (Indw vs Engw) ഏക ടെസ്റ്റില്‍ 347 റണ്‍സിന്‍റെ റെക്കോഡ് വിജയവുമായി ഇന്ത്യന്‍ വനിതകള്‍. വനിത ടെസ്റ്റിന്‍റെ ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയമാണിത്. നവി മുംബൈയില്‍ ഇന്ത്യ ഉയര്‍ത്തിയ 479 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 27.3 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട് ആയി. സ്‌കോര്‍: ഇന്ത്യ 428, 186/6d - ഇംഗ്ലണ്ട് 136, 131. (India Women vs England Women Navi Mumbai test highlights)
നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മയും മൂന്ന് വിക്കറ്റ് നേടിയ പൂജ വസ്‌ത്രാകറുമാണ് ഇംഗ്ലീഷ് നിരയെ പൊളിച്ചടക്കിയത്. 20 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. സോഫിയ ഡങ്ക്‌ലി (24 പന്തില്‍ 15), ടാമി ബ്യൂമൗണ്ട് (26 പന്തില്‍ 17), ഡാനി വ്യാറ്റ് (11 പന്തില്‍ 12), സോഫി എക്ലസ്റ്റോണ്‍ (11 പന്തില്‍ 10), കേറ്റ് ക്രോസ് (22 പന്തില്‍ 16), ചാര്‍ലി ഡീന്‍ (33 പന്തില്‍ 20*) എന്നിവരാണ് രണ്ടക്കം കണ്ടത്. രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ടും രേണുക സിങ് ഒന്നും വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ നേടിയ 428 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ട് 136 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്‍റെ ലീഡ് നേടിയ ഇന്ത്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സ് ചേര്‍ത്ത് ആകെ 479 റണ്‍സിന്‍റെ ലീഡിലേക്ക് എത്തിയിരുന്നു.
ഇന്ന് ആദ്യ സെഷനില്‍ അതിവേഗം റണ്‍സടിച്ച് 500 മുകളിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ ആതിഥേയര്‍ വയ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തലേന്നത്തെ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്‌ത ഹര്‍മനും സംഘവും ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിന് ഇറക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷന്‍ കടക്കാന്‍ കഴിയാതെയാണ് സന്ദര്‍ശകര്‍ തോല്‍വി സമ്മതിച്ചത്.
കരുത്തായ നാല് അര്‍ധ സെഞ്ചുറികള്‍: ശുഭ സതീഷ് (76 പന്തില്‍ 69), ജമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്‌തിക ഭാട്ടിയ (88 പന്തില്‍ 66), ദീപ്തി ശർമ (113 പന്തില്‍ 67) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടേയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (81 പന്തില്‍ 49), സ്നേഹ് റാണ (73 പന്തില്‍ 30) എന്നിവരുടേയും മികവിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. ഇംഗ്ലണ്ടിനായി ലോറൻ ബെന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
കറക്കി വീഴ്‌ത്തി ദീപ്‌തി: എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ ദീപ്‌തിയുടെ മികവില്‍ 35.3 ഓവറില്‍ 136 റണ്‍സില്‍ പിടിച്ച് കെട്ടി. 70 പന്തില്‍ 59 റണ്‍സ് കണ്ടെത്തിയ നതാലിയ സ്‌കിവര്‍ ബ്രന്‍റായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ടാമി ബ്യൂമോണ്ട് (35 പന്തില്‍ 10), സോഫിയ ഡങ്ക്‌ലി (10 പന്തില്‍ 11), ഡാനി വ്യാറ്റ് (24 പന്തില്‍ 19), ആമി ജോണ്‍സ് (19 പന്തില്‍ 12) എന്നിവരായിരുന്നു രണ്ടക്കംതൊട്ട മറ്റ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗര്‍ Harmanpreet Kaur ( 64 പന്തില്‍ 44*), പൂജ വസ്‌ത്രാകര്‍ (41 പന്തില്‍ 17*) എന്നിവര്‍ പുറത്താവാതെ നിന്നപ്പോള്‍, സ്‌മൃതി മന്ദാന (29 പന്തില്‍ 26), ഷെഫാലി വർമ (53 പന്തില്‍ 33), യാസ്‌തിക ഭാട്ടിയ (14 പന്തില്‍ 9), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 27), ദീപ്തി ശർമ്മ (18 പന്തില്‍ 20), സ്നേഹ് റാണ ( 1 പന്തില്‍ 0) എന്നിവരുടെ വിക്കറ്റുകളായിരുന്നു ടീമിന് നഷ്‌ടമായത്.
ഇംഗ്ലണ്ടിനായി ചാർലി ഡീന്‍ നാലും സോഫി എക്ലസ്റ്റോണ്‍ രണ്ടും വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും ആകെ ഒമ്പത് വിക്കറ്റുകളും വീഴ്‌ത്തിയ ദീപ്‌തി ശര്‍മയാണ് മത്സരത്തിലെ താരം. (Deepti Sharma in Navi Mumbai test)
ALSO READ: പേപ്പറിലെ കരുത്ത് 'കപ്പ്' ആക്കാൻ കാശിറക്കണം, ലേലത്തില്‍ ആർസിബി എന്തിനും റെഡി...