മിര്‍പൂര്‍: ഇന്ത്യന്‍ വനിതകളും ബംഗ്ലാദേശ് വനിതകളും തമ്മിലുള്ള മൂന്നാം ഏകദിനം സമനിലയില്‍. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നേടിയ 225 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 49.3 ഓവറില്‍ ഇതേ സ്‌കോറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഹര്‍ലിന്‍ ഡിയോള്‍, സ്‌മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവര്‍ മാത്രമാണ് ഇന്ത്യയ്‌ക്കായി പൊരുതിയത്.
108 പന്തില്‍ 77 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോള്‍ ടോപ് സ്‌കോററായി. സ്‌മൃതി മന്ദാന 85 പന്തുകളില്‍ 59 റണ്‍സ് നേടിയപ്പോള്‍ 45 പന്തുകളില്‍ 33 റണ്‍സുമായി ജമീമ റോഡ്രിഗസ് പുറത്താവാതെ നിന്നു. മോശം തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഷഫാലി വര്‍മ (3 പന്തില്‍ 4), യാസ്‌തിക ഭാട്ടിയ (7 പന്തില്‍ 5) എന്നിവരാണ് വന്നപാടെ തിരിച്ച് കയറിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സ്‌മൃതി മന്ദാന - ഹര്‍ലിന്‍ ഡിയോളും നിലയുറപ്പിച്ചു.
ബംഗ്ലാദേശ് ബോളര്‍മാരെ ഏറെ കരുതലോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. 107 റണ്‍സ് നീണ്ടുനിന്ന സ്‌മൃതി മന്ദാന - ഹര്‍ലിന്‍ ഡിയോള്‍ കൂട്ടുകെട്ട് 29-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് ആതിഥേയര്‍ പൊളിക്കുന്നത്. സ്‌മൃതി മന്ദാനയെ ശോഭന മോസ്‌തരിയുടെ കയ്യില്‍ എത്തിച്ച് ഫാഹിമ ഖാത്തൂണാണ് അതിഥേയര്‍ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് (21 പന്തുകളില്‍ 14) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.
ഈ സമയം 33.4 ഓവറില്‍ നാലിന് 160 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് എത്തിയ ജമിമ റോഡ്രിഗസിനൊപ്പം ചേര്‍ന്ന ഹര്‍ലിന്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കി. 31 റണ്‍സ് നീണ്ടു നിന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 42-ാം ഓവറില്‍ ഹര്‍ലിനെ റണ്ണൗട്ടാക്കിയാണ് ബംഗ്ലാദേശ് പൊളിക്കുന്നത്. ഇതേ ഓവറില്‍ ദീപ്‌തി ശര്‍മയും (1 പന്തില്‍ 1) റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയായി.
എട്ടാം നമ്പറിലെത്തിയ അമന്‍ജോത് കൗര്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ മടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ശേഷിക്കേ ലക്ഷ്യത്തിന് വെറും ഒമ്പത് റണ്‍സ് മാത്രം അകലെയായിരുന്നു ഇന്ത്യ. എന്നാല്‍, സ്‌നേഹ് റാണ, ദേവിക വൈദ്യ എന്നിവര്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയത് സന്ദര്‍ശകരെ പ്രതിരോധത്തിലാക്കി. പിന്നീടെത്തിയ മേഘ്‌ന സിങ്ങും ജമിമയും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.
അവസാന ഓവറില്‍ വിജയത്തിനായി മൂന്ന് റണ്‍സായിരുന്നു സംഘത്തിന് വേണ്ടി വന്നത്. മറൂഫ അക്തര്‍ എറിഞ്ഞ ഓവറിന്‍റെ ആദ്യ രണ്ട് പന്തുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ സിംഗിളെടുത്തതോടെ സ്‌കോര്‍ തുല്യമായി. എന്നാല്‍, തൊട്ടടുത്ത പന്തില്‍ മേഘ്‌ന സിങ്ങിനെ (7 പന്തില്‍ 6) വിക്കറ്റ് കീപ്പര്‍ നിഗര്‍ സുല്‍ത്താന പിടികൂടിയതോടെയാണ് ഇന്ത്യയുടെ വിജയ പ്രതീകള്‍ക്ക് അന്ത്യമായത്. ബംഗ്ലാദേശിനായി നാഹിദ അക്തര്‍ മൂന്നും മറൂഫ അക്തര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അതിഥേയര്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് 225 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ ഷമിമ സുല്‍ത്താനയുടെ അര്‍ധ സെഞ്ചുറിയും ഫര്‍ഗാന ഹഖിന്‍റെ സെഞ്ചുറിയുമാണ് ബംഗ്ലാ ഇന്നിങ്‌സിന്‍റെ നെടുന്തൂണ്‍. 160 പന്തുകളില്‍ 107 റണ്‍സാണ് ഫര്‍ഗാന ഹഖ് നേടിയത്. ഏകദിനത്തില്‍ ഒരു ബാംഗ്ലാദേശ് വനിത താരത്തിന്‍റെ ആദ്യ സെഞ്ചുറിയാണിത്. 78 പന്തുകളില്‍ 52 റണ്‍സാണ് ഷമിമ സുല്‍ത്താന നേടിയത്. മത്സരം സമനിലയില്‍ ആയതോടെ മൂന്ന് മത്സര പരമ്പരയും 1 - 1ന് സമനിലയില്‍ അവസാനിച്ചു.
ALSO READ: ഫുൾ ചാർജിലായതെങ്ങനെ, കോലി പറയുന്നു; 'ഇപ്പോൾ ഹാപ്പി...'