നവി മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഒന്‍പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ (India W vs Australia W 1st T20I Match Result). നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്പോര്‍ട്‌സ് അക്കാദമിയില്‍ ഓസീസ് ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 14 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും (Shafali Verma) സ്‌മൃതി മന്ദാനയുടെയും (Smriti Mandhana) അര്‍ധസെഞ്ച്വറികളാണ് മത്സരത്തില്‍ ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. നാല് വിക്കറ്റ് നേടിയ തിതാസ് സദുവാണ് മത്സരത്തില്‍ ഓസീസിനെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി (India W vs Australia W T20I Series).
മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഷഫാലിയും സ്‌മൃതിയും ചേര്‍ന്ന് നടത്തിയത്. ആക്രമിച്ച കളിച്ച സഖ്യം അനായാസം ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് അടിച്ചു ചേര്‍ത്തു. ഇന്ത്യന്‍ ഓപ്പണിങ്ങ് ജോഡികളില്‍ ഓസീസ് ബൗളിങ്ങ് നിരയെ കടന്നാക്രമിച്ചത് ഷഫാലി വര്‍മയായിരുന്നു.
44 പന്തില്‍ 64 റണ്‍സായിരുന്നു ഷഫാലി അടിച്ചെടുത്തത്. ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. സ്‌മൃതി 52 പന്തില്‍ 54 റണ്‍സ് നേടി ഷഫാലിയ്‌ക്ക് മികച്ച പിന്തുണ നല്‍കി. 137 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
16-ാം ഓവറില്‍ ജയത്തിന് തൊട്ടരികില്‍ സ്‌മൃതിയെ ജോര്‍ജിയ വരേഹാം മടക്കുകയായിരുന്നു. പിന്നാലെ എത്തിയ ജെമീമ റോഡ്രിഗസ് 11 പന്തില്‍ 6 റണ്‍സ് നേടി ടീമിനെ ഷഫാലിക്കൊപ്പം ജയത്തിലേക്ക് എത്തിച്ചു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസീസ് നിരയില്‍ ഫോബ് ലിച്ച്ഫീല്‍ഡ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 32 പന്തില്‍ 49 റണ്‍സ് ആയിരുന്നു താരം നേടിയത്. സൂപ്പര്‍ താരം എല്ലിസ് പെറി 30 പന്തില്‍ 37 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ തിതാസ് സദുവിന് പുറമെ ശ്രേയങ്ക പാട്ടീലും ദീപ്‌തി ശര്‍മയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയിരുന്നു.
Also Read : ഐസിസിയുടെ മികച്ച പുരുഷ താരമാകാന്‍ കോലിയും ജഡേജയും; മത്സരത്തിന് രണ്ട് ഓസീസ് താരങ്ങളും