മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റെത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസാണ്. അടുത്ത മാസം മുതല്‍ക്കാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വൈകാതെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.
കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയ താരം ടീമിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ യശസ്വി ജയ്‌സ്വാളിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.
ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ 21-കാരനായ ജയ്‌സ്വാളിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഫര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലും ആഭ്യന്തര സർക്യൂട്ടിലെ എല്ലാ ഫോർമാറ്റുകളിലും മികവ് പുലർത്താന്‍ ജയ്‌സ്വാളിന് കഴിഞ്ഞിട്ടുണ്ടെന്നും ജാഫര്‍ പറഞ്ഞു.
"യശസ്വി ജയ്‌സ്വാൾ തീർച്ചയായും അവരിലൊരാളാണ്. നിങ്ങൾ ഐപിഎൽ, ആഭ്യന്തര ക്രിക്കറ്റ് അല്ലെങ്കിൽ ഇന്ത്യ എ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാലും ഫോർമാറ്റുകളിലെല്ലാം റണ്‍സടിച്ച് കൂട്ടാന്‍ ജയ്‌സ്വാളിന് കഴിഞ്ഞിട്ടുണ്ട്. അവന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നു", വസീം ജാഫർ വ്യക്തമാക്കി. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ സീസണില്‍ ആഭ്യന്തര സർക്യൂട്ടിലെ എല്ലാ ഫോർമാറ്റുകളിലും മികവ് തെളിയിച്ച ജയ്‌സ്വാള്‍, ഐപിഎല്ലിന്‍റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു അൺക്യാപ്‌ഡ് ബാറ്റർ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 14 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെട 625 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ ഓപ്പണര്‍ റെക്കോഡ് പ്രകടനം നടത്തിയത്.
ഇതോടെ ഐപിഎല്‍ 16-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും ജയ്‌സ്വാളിന് കഴിഞ്ഞു. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 80.21 ശരാശരിയിൽ 1,845 റൺസാണ് ജയ്‌സ്വാൾ കണ്ടെത്തിയത്. ഇതേവരെ 26 ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 265 റൺസാണ്.
ഉറച്ച സാങ്കേതികതയോടും വ്യക്തിമികവുമുള്ള ജയ്‌സ്വാള്‍ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് പകരമാവും ഇന്ത്യന്‍ ടീമിലെത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉടനടി സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെങ്കിലും, വരും കാലങ്ങളില്‍ ഇന്ത്യയുടെ മൂന്നാം നമ്പറാകാൻ ആവശ്യമായ എല്ലാ കഴിവുകളും ജയ്‌സ്വാളിനുണ്ടെന്ന് തന്നെയാണ് മാനേജ്‌മെന്‍റിന്‍റെ വിശ്വാസം.
അതേസമയം വെസ്റ്റ് ഇൻഡീസിൽ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യത്തേത് ജൂലൈ 12- ന് റോസോവിലെ വിൻഡ്‌സർ പാർക്കിൽ നടക്കും. തുടര്‍ന്ന് 20 മുതല്‍ 25 വരെ ക്യൂന്‍സ് പാര്‍ക്കിലാണ് രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം പതിപ്പിന്‍റെ ഭാഗമായ മത്സരമാണിത്.
ALSO READ: ബൈജൂസിന് പകരം ആര് ; ഇന്ത്യൻ ടീം ജഴ്‌സി സ്‌പോണ്‍സർമാരെ തേടുന്നു, കർശന നിബന്ധനകളുമായി ബിസിസിഐ