അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിലും വിജയം നേടി പരമ്പര തൂത്ത് വാരാനാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പ്ലേയിങ് ഇലവനിൽ വലിയ മാറ്റവുമായാകും ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുക. ഓപ്പണർ ശിഖാൻ ധവാൻ ടീമിേലക്ക് തിരിച്ചെത്തുമെന്ന് നായകൻ രോഹിത് ശർമ തന്നെ അറിയിച്ചിരുന്നു. ഇതോടെ രോഹിത്-ധവാൻ സഖ്യമാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ദീപക് ഹൂഡയാകും ധവാനായി വഴിമാറുക
പരമ്പര നേടിയതിനാൽ പ്ലേയിങ് ഇലവനിൽ ഇടം നേടാനാകാത്ത താരങ്ങൾക്കും ഇന്ന് അവസരം ലഭിച്ചേക്കും. കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ എന്നീ താരങ്ങളെയും ഇന്നത്തെ മത്സരത്തിൽ പരിഗണിച്ചേക്കും. ഋതുരാജ് ഗെയ്‌ക്‌വാദിനും മത്സരത്തിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കൊവിഡ് മുക്‌തമായ ശ്രേയസ് അയ്യർ തിരിച്ചെത്തിയാൽ ടീമിൽ വീണ്ടും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ആദ്യ ഏകദിനത്തിൽ വിൻഡീസിനെതിരെ ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയം മാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ 44 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 238 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനെ 46 ഓവറില്‍ 193 റണ്‍സിന് ബോളർമാർ എറിഞ്ഞിടുകയായിരുന്നു.