ടറൗബ: വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 68 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. വിന്‍ഡീസ് മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 15 പന്തില്‍ 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷമ്രാ ബ്രൂക്‌സാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്.
ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൈല്‍ മേയേഴ്‌സ് (15 പന്തില്‍ 6) നിക്കോളാസ് പൂരാന്‍ ( 18 പന്തില്‍ 15) റോവ്മാന്‍ പവല്‍ (14 പന്തില്‍ 17), ജേസണ്‍ ഹോള്‍ഡര്‍ (4 പന്തില്‍ 0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (14 പന്തില്‍ 15), അകേൽ ഹൊസൈൻ (15 പന്തില്‍ 11), ഒഡീന്‍ സ്‌മിത്ത് (2 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റര്‍മാരുടെ സംഭാവന. 22 പന്തില്‍ 19 റണ്‍സുമായി കീമോ പോളും 11 പന്തില്‍ അഞ്ച് റണ്‍സോടെ അല്‍സാരി ജോസഫും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിങ്ങിയ ഇന്ത്യയ്‌ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ദിനേഷ് കാര്‍ത്തികിന്‍റെയും ഇന്നിങ്‌സാണ് തുണയായത്. രോഹിത് 44 പന്തില്‍ 64 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്‌കോററായി. അവസാന ഓവറുകളില്‍ കത്തിപ്പടര്‍ന്ന കാര്‍ത്തിക് 19 പന്തില്‍ 41 റണ്‍സടിച്ച് പുറത്താവാതെ നിന്നു.
രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകൂമാര്‍ യാദവാണ് (16 പന്തില്‍ 24) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. തുടക്കത്തില്‍ ചില അവസരങ്ങള്‍ നല്‍കിയെങ്കിലും സൂര്യകുമാറും രോഹിത്തും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ 44 റണ്‍സടിച്ചു.
പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ (4 പന്തില്‍ 0), റിഷഭ് പന്ത് (12 പന്തില്‍ 14), ഹാര്‍ദിക് പാണ്ഡ്യ (3 പന്തില്‍ 1), രവീന്ദ്ര ജഡേജ (13 പന്തില്‍ 16) എന്നിവര്‍ വേഗം മടങ്ങി. ഇതോടെ ഇന്ത്യ 16 ഓവറില്‍ 138-6 എന്ന നിലയിലേക്ക് പരുങ്ങി. തുടര്‍ന്ന് ഒന്നിച്ച കാര്‍ത്തിക്കും അശ്വിനും ചേര്‍ന്ന് അവസാന നാലോവറില്‍ 52 റണ്‍സാണ് അടിച്ച് കൂട്ടിയത്. 10 പന്തില്‍ 13 റണ്‍സടിച്ച അശ്വിനും പുറത്താവാതെ നിന്നു. കാര്‍ത്തികാണ് കളിയിലെ താരം. തിങ്കളാഴ്ച ഇതേവേദിയിലാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം കളി നടക്കുക.