മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ ഇടവേളക്കുശേഷം കിട്ടിയ അവസരം കൃത്യമായി മുതലാക്കാനാകാത്തതില്‍ മലയാളി താരം സഞ്‌ജു സാംസണെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും ഗൗതം ഗംഭീറും. ലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ആറ് പന്ത് നേരിട്ട സഞ്ജു അഞ്ച് റണ്‍സ് മാത്രം നേടിയാണ് പുറത്തായത്. മൂന്ന് റൺസില്‍ നില്‍ക്കെ പുറത്താകലില്‍ നിന്നും രക്ഷപ്പെട്ട താരം ധനഞ്ജയ ഡിസില്‍വയുടെ പന്തില്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ കമന്‍ററി ബോക്‌സിലുണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ വിമര്‍ശമനം ഉന്നയിച്ചിരുന്നു. 'സഞ്ജു മികച്ച കളിക്കാരനാണ്. പലപ്പോഴും ഷോട്ട് സെലക്ഷനാണ് അദ്ദേഹത്തെ ചതിക്കുന്നത്' ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
സഞ്ജുവിലെ പ്രതിഭയെക്കുറിച്ച് നമ്മളെല്ലാവരും പറയാറുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ കൃത്യാമായി മുതലാക്കാനാണ് സഞ്ജു ശ്രമിക്കേണ്ടതെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. ബാറ്റിങ്ങില്‍ മികവിലേക്കുയരാന്‍ സാധിക്കാത്തതിന് പിന്നാലെ ഫീല്‍ഡിങ്ങിലും മത്സരത്തിന്‍റെ തുടക്കത്തില്‍ സഞ്‌ജു നിരാശപ്പെടുത്തിയിരുന്നു.
അതേ സമയം, പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്‌ജു സാംസണ്‍ കളിച്ചേക്കില്ല. ആദ്യ കളിയില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതാണ് സഞ്‌ജുവിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. സഞ്‌ജുവിന്‍റെ പകരക്കാരനായി വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തി.
വാങ്കഡേയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബൗണ്ടറി തടഞ്ഞിടാനുള്ള ശ്രമത്തിനിടെയാണ് സഞ്‌ജുവിന് പരിക്കേറ്റത്. ബൗണ്ടറി റോപ്പിനടുത്ത് നിന്ന് ഡൈവ് ചെയ്‌ത സഞ്‌ജുവിന്‍റെ ഇടത് കാല്‍മുട്ട് നിലത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാനിങിന് ഉള്‍പ്പടെ വിധേയനാക്കിയ ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് രണ്ടാം മത്സരത്തിന് മുന്‍പായി വിശ്രമം അനുവദിച്ചത്.
ജിതേഷ് ശര്‍മ്മയ്‌ക്ക് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്സിനായി ബാറ്റ് വീശിയ 29 കാരന്‍ 16.64 പ്രഹരശേഷിയില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലിറങ്ങി 234 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ 76 ടി20 മത്സരങ്ങളിലും ജിതേഷ് കളിച്ചിട്ടുണ്ട്.