മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകും. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കയെ തുടര്‍ന്ന് ബുംറയെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിലില്ലാതിരുന്ന ബുംറയെ പിന്നീടാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബുംറയുടെ മടങ്ങിവരവിന്‍റെ കാര്യത്തില്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടന്ന ബിസിസിഐ റിവ്യൂ മീറ്റിങ്ങില്‍ ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു.
ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പ്രധാന ടൂര്‍ണമെന്‍റുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുക്കുന്നതിനായി താരത്തിന് ആവശ്യമായ സമയം നല്‍കാനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയ്‌ക്കിടെ 28കാരനായ ബുംറയുടെ മുതുകിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏഷ്യ കപ്പും ടി20 ലോകകപ്പും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു. അതേസമയം ശ്രീലങ്കയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തിന് ഇന്ത്യ നാളെ ഇറങ്ങും.
ഗുവാഹത്തിയിലാണ് കളി നടക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് നടക്കുക. ഇതിന് മുന്നോടിയായി നടന്ന ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Also read: Watch : സൂര്യയെ പ്രശംസിച്ച് വിരാട് കോലി ; വൈറലായി താരത്തിന്‍റെ പ്രതികരണം
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അർഷ്‌ദീപ് സിങ്.