ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്‌ക്ക് സമ്പൂര്‍ണ ജയം. മൂന്നാം ടി20യില്‍ മത്സരത്തില്‍ ആറുവിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 19 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ശ്രേയസ് അയ്യരാണ് കളിയിലെ കേമനും പരമ്പരയുടെ താരവും.
സ്‌കോര്‍: ശ്രീലങ്ക 146/5 (20), ഇന്ത്യ 148/4 (16.41).
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി പുറത്താവാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. 45 പന്തുകളില്‍ ഒമ്പത് ഫോറും, ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 15 പന്തില്‍ 22 റണ്‍സടിച്ച് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേയും 21, പന്തില്‍ 16 റണ്‍സടിച്ച ദീപ് ഹൂഡയും നിര്‍ണായകമായി. സഞ്‌ജു സാംസണ്‍ (12 പന്തില്‍ 18), രോഹിത് ശര്‍മ (9 പന്തില്‍ 5), വെങ്കിടേഷ് അയ്യര്‍ (4 പന്തില്‍ 5) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ശ്രീലങ്കയ്‌ക്കായി ലഹിരു കുമാര 3.5 ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദുഷ്‌മന്ത ചമീര, ചാമിക കരുണരത്നെ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം വിജയമാണിത്. ഇതോടെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ടി20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമാവാനും ഇന്ത്യയ്‌ക്കായി. നേരത്തെ അഫ്‌ഗാനാണ് ഈ റെക്കോഡ് കയ്യടക്കി വെച്ചിരുന്നത്. അതേസമയം രോഹിത്തിന് കീഴില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ പരമ്പര തൂത്തുവാരുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്‌ക്ക് 38 പന്തില്‍ 74 റണ്‍സടിച്ച് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ 10 ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ലങ്കയെ വരിഞ്ഞുമുറുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷനക ലങ്കൻ സ്കോർ 100 കടത്തുകയായിരുന്നു. 19 പന്തില്‍ 12 റണ്‍സുമായി ചാമിക കരുണരത്നെ പുറത്താവാതെ നിന്നു. ദിനേഷ് ചണ്ഡിമൽ 27 പന്തില്‍ 25 റണ്‍സെടുത്തു.
പാത്തും നിസങ്ക (10 പന്തില്‍ 1), ധനുഷ്‌ക ഗുണതിലക (1 പന്തില്‍ 0), ചരിത് അസാലങ്ക (6 പന്തില്‍ 4), ജനിത് ലിയാനഗെ (19 പന്തില്‍ 9) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കായി ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.