തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് കളി പിടിച്ചത്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇരുവരും പ്ലേയിങ് ഇലവനിലെത്തിയാല്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും പുറത്തിരിക്കേണ്ടിവരും. സ്‌പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനെയും പ്ലേയിങ് ഇലവനില്‍ പ്രതീക്ഷിക്കാം. അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാവും പുറത്താവുക.
മറുവശത്ത് ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമിട്ടാണ് കാര്യവട്ടത്തെത്തുന്നത്. ഇതോടെ മത്സരം കടുക്കുമെന്നുറപ്പ്. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ടോസ്. രാവിലെ പതിനൊന്നര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും.
പിച്ച് റിപ്പോര്‍ട്ട്: ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ച് ബോളർമാർക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇവിടെ നടന്ന ഏക ഏകദിനത്തില്‍ വെസ്റ്റ് ഇൻഡീസിനെ 104 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു. പേസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിക്കുന്ന പിച്ചില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
സാധ്യത ഇലവന്‍
ഇന്ത്യ: രോഹിത് ശർമ (c), ശുഭ്‌മാൻ ഗിൽ/ ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യർ / സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ / വാഷിങ്‌ടൺ സുന്ദർ, ഉമ്രാൻ മാലിക് / അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.
ശ്രീലങ്ക: അവിഷ്‌ക ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ, കുശാല്‍ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദസുൻ ഷനക (c), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ/മഹീഷ് തീക്ഷണ, കസുൻ രജിത, ലഹിരു കുമാര.
ALSO READ: 'വിവിയൻ റിച്ചാർഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നു'; സൂര്യയെ വാഴ്‌ത്തി ടോം മൂഡി