കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്‌റ്റിന്‍റെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യം 12 ഓവറില്‍ 7 വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ തന്നെ ഇന്ത്യ മറികടന്നു. ജയത്തോടെ രണ്ട് ടെസ്‌റ്റുകളടങ്ങിയ പരമ്പര 1–1ന് സമനിലയിലായി. (India Register Historic Test Win- Defeat South Africa by 7 Wickets)
12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 80 റണ്‍സ് നേടിയാണ് ഇന്ത്യ വിജയതീരം പുൽകിയത്. കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് വിജയമാണിത്. 107 ഓവറിൽ (642 പന്തിൽ) കളി അവസാനിച്ചതോടെ ടെസ്‌റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമെന്ന റെക്കോഡ് കൂടി ഇന്ന് പിറന്നു. 1932 ല്‍ മെല്‍ബണില്‍ നടന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്കയും മത്സരത്തിലെ 656 പന്തുകളുടെ റെക്കോഡാണ് ഇന്ന് പഴങ്കഥയായത്.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ 23 പന്തിൽ 28 റൺസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ 11 പന്തില്‍ 10 റണ്‍സെടുത്ത് ശുഭ്‌മാന്‍ ഗില്ലും 11 പന്തില്‍ 12 റണ്‍സെടുത്ത് വിരാട് കോലിയും മടങ്ങിയപ്പോള്‍ 22 പന്തിൽ 17 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും ആറു പന്തില്‍ നാല് റൺസുമായി ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.
മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ആറു വിക്കറ്റ് വീതം നേടിയതാണ് ഇന്ത്യയ്ക്ക് അനായാസ ജയം നല്‍കിയത്. ഏഴ് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 36.5 ഓവറിൽ 176 റൺസെടുത്ത് പുറത്തായിരുന്നു. 103 പന്തില്‍നിന്ന് രണ്ട് സിക്‌സും 17 ഫോറും സഹിതം 106 റണ്‍സ് നേടിയ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
പരമ്പര സമനിലയിൽ കലാശിച്ചെങ്കിലും ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര ജയം എന്ന ഇന്ത്യൻ സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച ഒരു പാരമ്പരകളിലും ഇന്ത്യ ജയിച്ചിട്ടില്ല. ഇപ്പോൾ നടന്നതടക്കം ഒന്‍പത് ടെസ്‌റ്റ് പരമ്പരകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചത്. ഇതില്‍ ഏഴെണ്ണത്തിലും തോൽവിയായിരുന്നു. 2010-11 ൽ ധോണിയുടെ നേതൃത്വത്തിലുള്ള ടീം മാത്രമാണ് ഇതിനുമുൻപ് സമനില പിടിച്ചത്. ഈ ജയത്തോടെ ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ടെസ്‌റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത് ശര്‍മയെത്തി. കേപ് ടൗണില്‍ ടെസ്‌റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിലെ ആദ്യ ക്യാപ്റ്റന്‍ കൂടിയായി രോഹിത്.
Also Read: കേപ്‌ടൗണില്‍ ഒറ്റ ദിവസം വീണത് 23 വിക്കറ്റുകള്‍ ; 'ഞെട്ടലോടെ' സച്ചിന്‍ ടെണ്ടുല്‍ക്കറും
ബോക്‌സിങ് ഡേ ടെസ്‌റ്റിന്‍റെ (South Africa vs India 1st Test) ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം ദിനം 163 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുഴുവൻ വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.