കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ലക്ഷ്യം വെച്ചാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാളെ (ജനുവരി 11) ന്യൂലാന്‍ഡ്‌സില്‍ പ്രോട്ടീസിനെ നേരിടാനിറങ്ങുക.
പേസര്‍മാരുടെ വിളനിലമായ ന്യൂലാന്‍ഡ്‌സിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറയെ സംബന്ധിച്ചും അതൊരു അഭിമാനപ്പോരാട്ടമാണ്. കാരണം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 ജനുവരി അഞ്ചിന് ഇതേ പിച്ചിലാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ചത്.
2016 ജനുവരിയില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ബുംറയ്‌ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തിയത്. പ്രോട്ടീസിനെതിരായ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടിയ താരം 14 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് പരമ്പര അവസാനിപ്പിച്ചത്.
ജോഹന്നാസ് ബര്‍ഗിലെ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടം. തുടര്‍ന്ന് ഇന്ത്യയുടെ പേസാക്രമണത്തിന്‍റെ കുന്തമുനയായി വളരാന്‍ താരത്തിന് സാധിച്ചു. ഇതോടെ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജനുവരിയില്‍ ഇന്ത്യയുടെ ചരിത്ര നേട്ടത്തില്‍ നിര്‍ണായകമവാന്‍ താരത്തിനാവുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.
also read: ജോക്കോവിച്ചിന്‍റെ വിസ പുനഃസ്ഥാപിച്ചു ; 'തടവില്‍' നിന്നും മോചിപ്പിക്കാന്‍ ഉത്തരവ്
ആദ്യ മത്സരത്തിന്‍റെ ഓര്‍മ്മ ബുംറ പങ്കുവെച്ചിട്ടുണ്ട്. “കേപ് ടൗൺ, ജനുവരി 2018 - ടെസ്റ്റ് ക്രിക്കറ്റിൽ എന്‍റെ എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണ്. നാല് വർഷത്തിന് ശേഷം, ഞാൻ ഒരു കളിക്കാരനായും ഒരു വ്യക്തിയായും വളർന്നു, ഈ ഗ്രൗണ്ടിലേക്ക് മടങ്ങുന്നത് പ്രത്യേക ഓർമ്മകൾ നൽകുന്നു“ എന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.