ഒരു ദശാബ്‌ദത്തിന് ശേഷം ആദ്യമായി ചേതേശ്വര്‍ പുജാരയും (Cheteswar Pujara) അജിങ്ക്യ രഹാനെയും (Ajinkya Rahane) ഇല്ലാതെ ഒരു ടെസ്റ്റ് പരമ്പരയ്‌ക്കായി ഒരുങ്ങുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇരുവര്‍ക്കും ഇടം നേടാന്‍ സാധിച്ചില്ല. ഇതോടെ, 35കാരായ ഇരുവര്‍ക്ക് മുന്നിലും ടീം ഇന്ത്യയുടെ വാതിലുകള്‍ അടഞ്ഞുവെന്നാണ് സംസാരം.
13 വര്‍ഷത്തിനിടെ പുജാരയും രഹാനെയും ചേര്‍ന്ന് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി നേടിയത് 188 മത്സരങ്ങളില്‍ നിന്നും 12000ല്‍ അധികം റണ്‍സാണ്. സമീപകാലത്തായി കളിച്ച മത്സരങ്ങളിലെല്ലാം ഇരുവരും വലിയ സ്കോറുകള്‍ കണ്ടെത്താന്‍ ഏറെ വിഷമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുവതാരങ്ങളെ പരിഗണിക്കാന്‍ ബിസിസിഐ തയ്യാറായതെന്നാണ് സൂചന.
ശ്രേയസ് അയ്യര്‍ (Shreyas Iyer), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവാണ് രഹാനെയ്ക്കും പുജാരയ്‌ക്കും പുറത്തേക്കുള്ള വാതില്‍ വേഗത്തില്‍ തുറന്നത്. രാഹുലിനും അയ്യറിനുമൊപ്പം റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയും ടീം മാനേജ്‌മെന്‍റ് പിന്തുണയ്‌ക്കുന്നത് ഭാവി പദ്ധതികള്‍ക്ക് വേണ്ടിയെന്നതും വ്യക്തം. എല്ലാ ഫോര്‍മാറ്റിലും ശക്തമായ ടീമിനെ വാര്‍ത്തെടുക്കാനായി ടീം മാനേജ്‌മെന്‍റ് നടത്തിയ ഈ പൊളിച്ചെഴുത്ത് ഒരു യുഗത്തിന്‍റെ അന്ത്യവും പുതിയൊരു അധ്യായത്തിന്‍റെ തുടക്കവുമാണെന്ന് പറയാം.
ഇനിയൊരു തിരിച്ചുവരവ് സാധ്യമോ...? : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മധ്യനിരയുടെ പ്രധാനതാരമായ ചേതേശ്വര്‍ പുജാരയുടെ ടീമിലെ സ്ഥാനം ഏറെ നാളായി ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. 2020ന് ശേഷമുള്ള രണ്ട് വര്‍ഷക്കാലം ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ സെഞ്ച്വറികള്‍ ഒന്നും നേടാന്‍ പുജാരയ്‌ക്ക് സാധിച്ചിരുന്നില്ല. രണ്ട് വര്‍ഷത്തോളം നീണ്ട സെഞ്ച്വറി വരള്‍ച്ച 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ അവസാനിപ്പിച്ചെങ്കിലും പിന്നീട് ഒരിക്കല്‍ പോലും താരത്തിന് മൂന്നക്ക സ്കോറിലേക്ക് എത്താനായില്ല.
അതിന് ശേഷം കളിച്ച 10 മത്സരങ്ങളില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറിയുള്‍പ്പടെ 211 റണ്‍സ് മാത്രമാണ് പുജാരയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും നിറം മങ്ങിയതോടെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. കൗണ്ടിയിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അത് ദേശീയ ടീമിനായി ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതും താരത്തിന് തിരിച്ചടിയാവുകയായിരുന്നു.
രഹാനെയുടെ രണ്ടാം വരവ് : ആഭ്യന്തര സീസണിലെയും കഴിഞ്ഞ ഐപിഎല്ലിലെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമായിരുന്നു അജിങ്ക്യ രഹാനെ ടീമില്‍ സ്ഥാനം കണ്ടെത്തിയത്. എന്നാല്‍, ഇവിടെ അദ്ദേഹത്തിന് ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായെത്തി ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടാന്‍ രഹാനെയ്‌ക്കായി.
എന്നാല്‍, ഇതേ പ്രകടനം പിന്നീട് വിന്‍ഡീസ് പര്യടനത്തില്‍ നടത്താന്‍ താരത്തിന് സാധിക്കാതെ പോകുകയായിരുന്നു. കരീബിയന്‍ മണ്ണിലെ രണ്ട് ഇന്നിങ്‌സില്‍ നിന്ന് ആകെ 11 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം (India Test Squad For South African Series): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ.