ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്സ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക് വിജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്ത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 243 റണ്‍സെടുത്താണ് വിജയമുറപ്പിച്ചത്.
സ്കോര്‍- ഇന്ത്യ: 202, 266- ദക്ഷിണാഫ്രിക്ക: 229, 243/3. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കൊപ്പമെത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
188 പന്തില്‍ 96 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ പ്രകടനമാണ് പ്രോട്ടീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എല്‍ഗാറിനൊപ്പം ടെംബ ബവുമ (23*) പുറത്താവാതെ നിന്നു.
മഴ മൂലം രണ്ട് സെഷനുകള്‍ നഷ്ടമായ നാലാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. റാസ്സി വാന്‍ഡര്‍ ദസ്സന് (40) വിക്കറ്റാണ് സംഘത്തിന് ഇന്ന് നഷ്ടമായത്.
എയ്ഡന്‍ മാര്‍ക്രവും (31). കീഗന്‍ പീറ്റേഴ്സണും (28) മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍, ആര് അശ്വിന് എന്നിവര്‍ ഓരോവിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 266 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, മാർക്കോ ജാൻസൺ, ലുംഗി എന്‍ഗിഡി എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഡ്യൂവാന്‍ ഒലിവിയർ ഒരു വിക്കറ്റും സ്വന്തമാക്കി.
അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (53), അജിങ്ക്യ രഹാനെ (58) എന്നിവരുടെ പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ആറാമനായി ക്രീസിലെത്തി പുറത്താവാതെ നിന്ന ഹനുമ വിഹാരിയും (40) നിര്‍ണായകമായി.
also read: Ashes: ഖവാജയുടെ സെഞ്ചുറി ആഘോഷിച്ച് റേച്ചല്‍; കുടുംബം മനോഹരമെന്ന് ആരാധകര്‍
അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 202ന് മറുപടിക്കിറങ്ങിയ പ്രോട്ടീസ് 27 റണ്‍സിന്റെ ലീഡ് നേടി 229 റണ്‍സിനാണ് പുറത്തായത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുതല്ക്കൂട്ടയാത്. മുഹമ്മദ് ഷമി രണ്ടും, ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
118 പന്തില്‍ 62 നേടിയ കീഗൻ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 60 പന്തില്‍ 51 റണ്‍സെടുത്ത തെംബ ബാവുമയും വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്തിയ മാർക്കോ ജാൻസൺ (21), കേശവ് മഹാരാജ് (21) എന്നിവരുടെ ലീഡ് നേടുന്നതില്‍ നിര്‍ണായകമായി.