ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും. രണ്ടാം ഏകദിനം നാളെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് കളി തുടങ്ങുക. (India vs South Africa 2nd ODI preview).
വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയം നേടിയ സന്ദര്‍ശകര്‍ മൂന്ന് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. ഇതോടെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ കളി പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ കെഎല്‍ രാഹുലിനും (KL Rahul) സംഘത്തിനും പരമ്പര തൂക്കാം. ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പാണ്.
ടെസ്റ്റ് സ്‌ക്വാഡിനൊപ്പം ചേരുന്നതിനായി ശ്രേയസ് അയ്യര്‍ ടീം വിട്ടതാണ് ഇതിന് വഴിയൊരുക്കിയത്. ഇതോടെ റിങ്കു സിങ്ങിന്‍റെ അരങ്ങേറ്റം ഉറപ്പായി. (Rinku Singh ODI Debut match) സന്തുലിതമായ പിച്ചാണ് സെന്‍റ് ജോർജ് പാർക്കിലെത്. കഴിഞ്ഞ 20 മത്സരങ്ങളിൽ ഈ വേദിയിലെ ആദ്യ ഇന്നിങ്‌സ് സ്‌കോർ 216 റൺസാണ്. ഇവിടെ നടന്ന ഭൂരിഭാഗവും വിജയിച്ചത് ചേസിങ് ടീമാണ്. ഇതോടെ ടോസ് നേടുന്നവര്‍ ബോളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
അതേസമയം ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ പേസര്‍മാരുടെ മികവില്‍ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്‌ക്കായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനുമാണ് പ്രോട്ടീസിനെ പൊളിച്ചത്.
മറുപടിക്ക് ഇറങ്ങിയ സന്ദര്‍ശകര്‍ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടിയെടുത്തു. 43 പന്തില്‍ പുറത്താവാതെ 55 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും (Sai Sudharsan) ശ്രേയസ് അയ്യരും (43 പന്തില്‍ 52) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. റുതുരാജ് ഗെയ്‌ക്‌വാദ് (10 പന്തില്‍ 5), തിലക് വര്‍മ (3 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സംഭാവന.
മത്സരം കാണാനുള്ള വഴി: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും മത്സരം കാണാം... (Where to Watch India vs South Africa 2nd ODI)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പടിദാര്‍, റിങ്കു സിങ്, കെഎൽ രാഹുൽ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ , അർഷ്ദീപ് സിങ്, ആകാശ് ദീപ്. (India ODI squad vs South Africa).