ന്യൂഡല്‍ഹി : പാകിസ്ഥാനെതിരായ മത്സരം ഏകപക്ഷീയമായി വിജയിപ്പിക്കാനാവുന്ന ഇന്ത്യന്‍ താരത്തെ ചൂണ്ടിക്കാട്ടി മുന്‍ താരം വീരേന്ദര്‍ സെവാഗ്. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരൊന്നുമല്ല സെവാഗിന്‍റെ അഭിപ്രായത്തില്‍ ഗെയിം ചെയ്‌ഞ്ചറാവുക. പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. താരം മിന്നിയാല്‍ ടീമിന് തിരിഞ്ഞ് നോക്കേണ്ടതില്ലെന്നാണ് സെവാഗ് പറയുന്നത്.
'ഹാര്‍ദിക് എന്‍റെ ടീമിലുണ്ടാകും. മികച്ച ബാറ്ററാണവന്‍. അവൻ ക്ലിക്കുചെയ്താൽ, മത്സരം ഏകപക്ഷീയമാവുകയും പൂർത്തിയാക്കുകയും ചെയ്യും. അവനതിനുള്ള കഴിവ് പലവട്ടം കാണിച്ചിട്ടുണ്ട്. അവന് ബോള്‍ കൂടെ ചെയ്യാനായാല്‍ അത് കേക്കിന്‍റെ ഐസിങ്ങായിരിക്കും' സെവാഗ് പറഞ്ഞു.
'ഹാർദിക് പാണ്ഡ്യയോ ടോപ് ഓർഡറിൽ നിന്നുള്ള മറ്റാരെങ്കിലുമോ കുറച്ച് ഓവർ എറിയുകയാണെങ്കിൽ, ടീം അഞ്ച് ബൗളർമാർക്കൊപ്പം പോകണം, എന്നെ സംബന്ധിച്ചിടത്തോളം അതാണ് മികച്ച ടീം. അവന്‍ ഫോമിലല്ലെങ്കില്‍, നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്യാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ബാറ്ററെ നോക്കാം. മറിച്ചാണെങ്കില്‍ അവനാവും എന്‍റെ ആദ്യ പരിഗണന '- സെവാഗ് പറഞ്ഞു.
also read: ടി20 ലോകകപ്പ് : ചാമ്പ്യൻമാരെ തകർത്ത് ഇംഗ്ലണ്ട്, നേടിയത് ചരിത്ര വിജയം
അതേസമയം കഴിഞ്ഞ മത്സരങ്ങളില്‍ നെറ്റ്‌സിലും ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. താരത്തെ പാകിസ്ഥാനെതിരെ ബാറ്ററായി മാത്രം ഉള്‍പ്പെടുത്തിയാല്‍ ആറാം ബൗളറുടെ അസാന്നിധ്യം ഇന്ത്യയ്‌ക്ക് വെല്ലുവിളിയായേക്കാം. ഇതോടെ ഓസീസിനെതിരായ മത്സരത്തില്‍ പന്തെടുത്ത കോലി പ്രകടനം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനും ടീം മാനേജ്മെന്‍റിനെ ചിന്തിപ്പിക്കും.
എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയ 2019ലെ ഏകദിന ലോകകപ്പിലെ മത്സരത്തില്‍ നിര്‍ണായകമാവാന്‍ ഹാര്‍ദിക്കിനായിരുന്നു. അന്ന് 19 പന്തില്‍ 26 റണ്‍സടിച്ച താരം ഇന്ത്യന്‍ ടോട്ടല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336ലെത്തിക്കുന്നതില്‍ നിര്‍ണായകമായി. തുടര്‍ന്ന് എട്ടോവറുകളെറിഞ്ഞ താരം മുഹമ്മദ് ഹാഫിസ്, ഷോയ്‌ബ് മാലിക് എന്നിവരുടെ വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.