ഹൈദരാബാദ് : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയ്ക്ക് കീഴിലിറങ്ങുന്ന ഇന്ത്യ.
പ്രധാന ടൂര്‍ണമെന്റുകളില്‍ പതിവായി ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസിലന്‍ഡുമായി ടീം വീണ്ടുമൊരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. എന്നാല്‍ ഇന്ന് കിവീസിനെതിരെ ഇറങ്ങുമ്പോള്‍ പരമ്പര വിജയത്തിനപ്പുറം ഇന്ത്യയ്ക്ക് മറ്റൊരു ലക്ഷ്യവും മനസിലുണ്ട്. കിവീസിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ കഴിയും.
നിലവിലെ റാങ്കിങ്ങില്‍ കിവീസ് ഒന്നാമതും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. 117 റേറ്റിങ്ങുമായാണ് ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തുള്ളത്. 110 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇതുകൂടാതെ ലോകകപ്പ് വര്‍ഷത്തിലെ ഓരോ വിജയവും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ഏകദിന പരമ്പരയില്‍ സ്വന്തം മണ്ണില്‍ വച്ച് ഇന്ത്യയെ കീഴടക്കുക പ്രയാസമാണ്. 2019 മാർച്ച് മുതൽ സ്വന്തം തട്ടകത്തിൽ നടന്ന ഒരു പരമ്പരയിലും ഇന്ത്യ തോൽവി നേരിട്ടിട്ടില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെ വിലകുറച്ച് കാണാന്‍ കഴിയില്ല.
1969നുശേഷം പാക് മണ്ണില്‍ ഏകദിന പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് കിവീസ് ഇന്ത്യയ്ക്കെതിരെ കളിക്കാനിറങ്ങുന്നത്. കെയ്ൻ വില്യംസൺ, ടിം സൗത്തി തുടങ്ങിയ താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാണ്. എന്നാല്‍ ടോം ലാഥത്തിന് കീഴിലിറങ്ങുന്ന യുവനിര ഇന്ത്യയെ വിറപ്പിക്കാന്‍ പോന്നതാണ്.
പിച്ച് റിപ്പോര്‍ട്ട് : ബാറ്റര്‍മാരുടെ പറുദീസയാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പിച്ച്. ബോളര്‍മാര്‍ക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. ഈ വേദിയില്‍ നടന്ന ആറ് ഏകദിനങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ 270 ആണ്.രണ്ടാം ഇന്നിങ്സില്‍ ഇത് 250 ആയി താഴുകയാണ് ചെയ്യുന്നത്. മഞ്ഞിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കാണാനുള്ള വഴി: സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്.
ന്യൂസിലന്‍ഡ് സ്ക്വാഡ്: ടോം ലാഥം (സി), ഫിൻ അലൻ, ഡഗ് ബ്രേസ്വെൽ, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെൻറി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്നർ.