വെല്ലിങ്‌ടണ്‍: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്‍റ്നറുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ജെയിംസ് നീഷാം തുടങ്ങിയ വെറ്ററന്‍ താരങ്ങള്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ല.
പേസര്‍ ബെന്‍ ലിസ്റ്റര്‍ക്ക് ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തിയപ്പോള്‍ ഹെന്‍റി ഷിപ്ലിക്ക് ടി20 അരങ്ങേറ്റത്തിനും അവസരം ഒരുങ്ങി. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലുടെ ഹെന്‍റി കിവീസിനായി അരങ്ങേറ്റം നടത്തിയിരുന്നു. ജനുവരി 24ന് അവസാനിക്കുന്ന ഏകദിന പരമ്പരയ്‌ക്ക് ശേഷം ജനുവരി 27നാണ് മൂന്ന് മത്സര ടി20 പരമ്പര തുടങ്ങുക.
റാഞ്ചിയിലാണ് ആദ്യ മത്സരം. 29ന് ലഖ്‌നൗവില്‍ രണ്ടാം ടി20യും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ മൂന്നാം മത്സരവും നടക്കും. ജനുവരി 18ന് ഹൈദരാബാദിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 21ന് റായ്‌പൂര്‍ 24ന് ഇന്‍ഡോര്‍ എന്നിവിടങ്ങളിലായാണ് മറ്റ് മത്സരങ്ങള്‍.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ തന്നെ ബിസിസിഐ പ്രഖ്യാപിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടീമിലെ ഏറെ കളിക്കാരും ടീമിലെ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ പരിക്കേറ്റ സഞ്‌ജു സാംസണിന്‍റെ കാര്യത്തില്‍ അവ്യക്തതയുണ്ട്. താരത്തിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ന്യൂസിലന്‍ഡ് ടീം: ഡേവോണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡെയ്ന്‍ ക്ലീവര്‍, ഫിന്‍ അലന്‍, മാര്‍ക് ചാപ്‌മാന്‍, ഡാരില്‍ മിച്ചല്‍, മൈക്കല്‍ റിപ്പണ്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്‍റ്നര്‍ (സി), ബെന്‍ ലിസ്റ്റര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ഹെന്‍റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍.
ALSO READ: അഫ്‌ഗാനിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാനില്ലെന്ന് ഓസ്ട്രേലിയ... കാരണം ഇതാണ്...