റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് 21 റണ്‍സ് ജയം. കിവീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 155 റണ്‍സ് എടുക്കാനേ ആതിഥേയര്‍ക്ക് സാധിച്ചുളളു. ഇന്ത്യക്കായി വാഷിങ്ങ്‌ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി അവസാനം വരെ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
28 പന്തുകളില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് സുന്ദറിന്‍റെ ഇന്നിങ്ങ്‌സ്. സൂര്യകുമാര്‍ യാദവ് 34 പന്തുകളില്‍ 47 റണ്‍സ് നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ(21), ദീപക് ഹൂഡ(10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
ന്യൂസിലന്‍ഡിനായി മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്‍റ്‌നര്‍, ലോകി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഫിന്‍ അലനും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് മികച്ച തുടക്കമാണ് കിവികള്‍ക്ക് നല്‍കിയത്.
35 പന്തുകളില്‍ ഏഴ് ഫോറും ഒരു സിക്‌സിന്‍റെയും അകമ്പടിയില്‍ 52 റണ്‍സാണ് കോണ്‍വെ നേടിയത്. ഫിന്‍ അലന്‍ 23 പന്തുകളില്‍ 35 റണ്‍സ് എടുത്തു. ഇവര്‍ക്ക് പിന്നാലെ ഇറങ്ങിയ ചാപ്‌മാന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും പിന്നാലെ ഇറങ്ങിയ ഡാരില്‍ മിച്ചല്‍ പുറത്താവാതെ അര്‍ധസെഞ്ച്വറി നേടി ന്യൂസിലന്‍ഡിനെ മികച്ച നിലയില്‍ എത്തിച്ചു.
30 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 59 റണ്‍സാണ് മിച്ചല്‍ നേടിയത്. ഡാരില്‍ മിച്ചല്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇന്ത്യക്കായി ബാറ്റിങ്ങിന് പുറമെ ബോളിങ്ങിലും വാഷിങ്ങ്‌ടണ്‍ സുന്ദര്‍ തിളങ്ങി. രണ്ട് വിക്കറ്റാണ് മത്സരത്തില്‍ താരം നേടിയത്.
അര്‍ഷ്‌ദീപ് സിങ്, കുല്‍ദീപ് യാദവ്, ശിവം മവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 29ന് ലഖ്‌നൗവിലാണ് നടക്കുക. മൂന്നാം മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.