ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ വാഷിങ്‌ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
13ാം ഓവര്‍ പിന്നിടുമ്പോഴേക്കും ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍ (22 പന്തില്‍ 13), ശിഖര്‍ ധവാന്‍ (45 പന്തില്‍ 28) എന്നിവരെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഈ സമയം 55 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. മൂന്നാമന്‍ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് പൊരുതി നിന്നെങ്കിലും റിഷഭ് പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 6) എന്നിവര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.
26ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ശ്രേയസും വീണതോടെ ഇന്ത്യ അഞ്ചിന് 121 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയസിനെ ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ ടിം സൗത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദീപക് ഹൂഡയും മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. 25 പന്തില്‍ 12 റണ്‍സെടുത്ത ഹൂഡ സൗത്തിക്ക് വിക്കറ്റ് നല്‍കിയാണ് പുറത്തായത്.
തുടര്‍ന്ന് വാഷിങ്‌ടണ്‍ സുന്ദര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 200 കടത്തിയത്. 64 പന്തില്‍ 51 റണ്‍സെടുത്ത താരം പത്താമനായാണ് തിരിച്ച് കയറിയത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സുന്ദറിന്‍റെ ഇന്നിങ്സ്.
ദീപക് ചഹാര്‍ (9 പന്തില്‍ 12), യുസ്‌വേന്ദ്ര ചാഹല്‍ (22 പന്തില്‍ 8), അര്‍ഷ്‌ദീപ് സിങ് (9 പന്തില്‍ 9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. കിവീസിനായി ആദം മില്‍നെ ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.