ഹൈദരാബാദ്: ആദ്യ ഏകദിന ഇരട്ടസെഞ്ച്വറിയുമായി ശുഭ്‌മാൻ ഗില്‍ കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരെ ന്യൂസിലൻഡിന് 350 റൺസ് വിജയലക്ഷ്യം. ഹൈദരാബാദില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സെടുത്തു. വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് തുണയായത്. 149 പന്തില്‍ 208 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചുവെങ്കിലും രോഹിത്തിന്‍റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 13-ാം ഓവറിന്‍റെ ഒന്നാം പന്തില്‍ ബ്ലെയർ ടിക്‌നര്‍ രോഹിത്തിനെ ഡാരില്‍ മിച്ചലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
നാലു ഫോറും രണ്ട് സിക്‌സും സഹിതം 38 പന്തില്‍ 34 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. പിരിയും മുമ്പ് 12.1 ഓവറില്‍ 60 റണ്‍സാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയ കോലിക്കും ഇഷാനും അധികം ആയുസുണ്ടായിരുന്നില്ല.
ബൗണ്ടറി നേടി തുടങ്ങിയെങ്കിലും 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോലിയുടെ ഓഫ് സ്റ്റംപിളക്കി മിച്ചല്‍ സാന്‍റ്‌നറാണ് പുറത്താക്കിയത്. ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും ഇഷാന്‍ കിഷനും പിടിച്ച് നില്‍ക്കാനായില്ല. 14 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഇഷാനെ ലോക്കി ഫെര്‍ഗുസനാണ് തിരിച്ച് കയറ്റിയത്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനൊപ്പം ഗില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 29-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ 26 പന്തില്‍ 31 റണ്‍സെടുത്ത സൂര്യയെ പുറത്താക്കി ഡാരില്‍ മിച്ചലാണ് കിവീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.
ആറാമന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന ഗില്‍ ഇന്ത്യയെ 200 കടത്തി. 40-ാം ഓവറിന്‍റെ നാലാം പന്തില്‍ 38 പന്തില്‍ 28 റണ്‍സെടുത്ത പാണ്ഡ്യ പുറത്താവുമ്പോള്‍ 249 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്. തുടര്‍ന്നെത്തിയ വാഷിങ്‌ടണ്‍ സുന്ദര്‍ (12), ശാര്‍ദുല്‍ താക്കൂര്‍ (3) എന്നിവര്‍ വേഗം മടങ്ങിയെങ്കിലും ഗില്‍ ഒരറ്റത്ത് അടി തുടര്‍ന്നു.
50-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഹെൻറി ഷിപ്ലിയാണ് ഗില്ലിനെ മടക്കിയത്. 19 ഫോറുകളും ഒമ്പത് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ മനോഹര ഇന്നിങ്‌സ്. കുല്‍ദീപ് യാദവ് (5), മുഹമ്മദ് ഷമി(2) എന്നിവര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍, ഹെൻറി ഷിപ്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനം കളിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, കെ എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.