ഹൈദരാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് വൈറ്റ് ബോള്‍ പരമ്പരയ്‌ക്ക് നാളെ തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യ.
ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. ലങ്കയ്‌ക്കെതിരായ പരമ്പരയിലുള്‍പ്പെടാതിരുന്ന രാഹുല്‍ ത്രിപാഠി, കെഎസ് ഭരത്, ശാര്‍ദുല്‍ താക്കൂര്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവര്‍ കിവീസിനെതിരായ പരമ്പരയുടെ ഭാഗമാണ്. കെഎല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ് എന്നിവരാണ് പുറത്തായത്.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ മിന്നും ഫോം ഹൈദരാബാദിലും തുടരുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ച്വറിയടക്കം മൂന്ന് മത്സരങ്ങളില്‍ നിന്നും ആകെ 283 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ പ്രകടനവും ആതിഥേയര്‍ക്ക് നിര്‍ണായകമാവും.
മറുവശത്ത് 1969നുശേഷം പാക് മണ്ണില്‍ ഏകദിന പരമ്പര വിജയിച്ചതിന്‍റെ ആവേശത്തിലാണ് കിവീസ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പര 2-1ന് ആയിരുന്നു കിവീസ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ സംഘം തുടര്‍ന്നുള്ള രണ്ട് ഏകദിനങ്ങളും വിജയിച്ചാണ് പരമ്പര പിടിച്ചത്.
സ്ഥിരം നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമാണ് ഇന്ത്യയ്‌ക്കെതിരെ കിവികളെ നയിക്കുന്നത്. പാക് മണ്ണില്‍ ടോപ് സ്‌കോററായി വില്യംസണായിരുന്നു ടീമിന്‍റെ പോരാട്ടത്തെ നയിച്ചിരുന്നത്. താരത്തിന്‍റെ അഭാവം കിവിസിന് തിരിച്ചടിയാണ്.
വെറ്ററന്‍ പേസര്‍ ടിം സൗത്തിയും ടീമിലില്ല. ഡെവോണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, മിച്ചല്‍ സാന്‍റ്‌നര്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം സംഘത്തിന് നിര്‍ണായകമാവും.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാരുടെ പറുദീസയാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പിച്ച്. ബോളര്‍മാര്‍ക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. ഈ വേദിയില്‍ നടന്ന ആറ് ഏകദിനങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോർ 270 ആണ്.
രണ്ടാം ഇന്നിങ്‌സില്‍ ഇത് 250 ആയി താഴുകയാണ് ചെയ്യുന്നത്. മഞ്ഞിന്‍റെ ആനുകൂല്യം ലഭിക്കുന്നതിനായി ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: ടോം ലാഥം (സി), ഫിൻ അലൻ, ഡഗ് ബ്രേസ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്‍റ്‌നർ, ഹെൻറി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്‌നർ.
ALSO READ: Watch: സഞ്‌ജു എവിടെ എന്ന് ആരാധകന്‍; ഹൃദയത്തിലെന്ന് സൂര്യകുമാര്‍ യാദവ്