ഡബ്ലിന്‍ : അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ (India vs Ireland 2nd T20I). ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 185 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും (58), അവസരത്തിനൊത്ത് ബാറ്റ് വീശിയ സഞ്ജു സാംസന്‍റെയും (40) മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിങും (Rinku Singh), ശിവം ദുബെയും (Shivam Dube) ഇന്ത്യയുടെ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും, റിതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് പതിഞ്ഞ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 29 റണ്‍സ് കൂട്ടിച്ചേർത്തു. മൂന്നാം ഓവറിന്‍റെ നാലാം പന്തിൽ ജയ്‌സ്വാളിനെ പുറത്താക്കി ക്രെയ്ഗ് യംഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 11 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 18 റണ്‍സ് നേടിയാണ് ജയ്‌സ്വാൾ മടങ്ങിയത്.
തുടർന്ന് ക്രീസിലെത്തിയ തിലക് വർമ ആദ്യ മത്സരത്തിലേത് പോലെത്തന്നെ ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ ഡക്കായി മടങ്ങിയ താരം ഇത്തവണ ഒരു റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ഇന്ത്യ 4.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 34 റണ്‍സ് എന്ന നിലയിലേക്കെത്തി. തുടർന്ന് സഞ്ജു സാംസണ്‍ ക്രിസീലെത്തി. രണ്ട് വിക്കറ്റ് വീണതോടെ ശ്രദ്ധയോടെയാണ് സഞ്ജുവും ഗെയ്‌ക്‌വാദും ബാറ്റ് വീശിയത്.
സഞ്ജു തുടക്കത്തിൽ കൂടുതൽ പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശിയത്. എന്നാൽ നിലയുറപ്പിച്ചതോടെ താരം ഗിയർ മാറ്റുകയായിരുന്നു. മോശം പന്തുകളെ മാത്രം തെരഞ്ഞുപിടിച്ച് മർദിച്ച് ഇരുവരും ചേർന്ന് അതിവേഗം റണ്‍സ് കണ്ടെത്തി. ഇതിനിടെ 11-ാം ഓവർ എറിയാനെത്തിയ ജോഷ്വ ലിറ്റിലിനെ സഞ്ജു പഞ്ഞിക്കിട്ടു. മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 18 റണ്‍സാണ് സഞ്ജു ആ ഓവറിൽ അടിച്ചെടുത്തത്.
ഇതോടെ ഇന്ത്യയുടെ ടീം സ്‌കോർ 100 കടന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ സഞ്ജുവിനെ ഇന്ത്യക്ക് നഷ്‌ടമായി. 12-ാം ഓവർ എറിഞ്ഞ ബെഞ്ചമിന്‍ വൈറ്റിന്‍റെ പന്തില്‍ ബൗള്‍ഡായിട്ടാണ് താരം മടങ്ങുന്നത്. ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. പുറത്താകുമ്പോൾ 26 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 40 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. പിന്നാലെ റിങ്കു സിങ് ക്രീസിലേക്കെത്തി.
ഇതിനിടെ റിതുരാജ് ഗെയ്‌ക്‌വാദ് തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. തൊട്ടുപിന്നാലെ താരം പുറത്താകുകയും ചെയ്‌തു. 43 പന്തിൽ ഒരു സിക്‌സും ആറ് ഫോറും ഉൾപ്പെടെ 58 റണ്‍സ് നേടിയ ഗെയ്‌ക്‌വാദ് ബാരി മക്കാർത്തിയുടെ പന്തിൽ ഹാരി ടെക്‌ടറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
അടിച്ച് തകർത്ത് റിങ്കുവും ദുബെയും : ഈ സമയത്ത് 15.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 129 റണ്‍സായിരുന്നു ഇന്ത്യൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. പിന്നാലെ ശിവം ദുബെ ക്രീസിലേക്കെത്തി. അവസാന ഓവറുകളിൽ റിങ്കുവിന്‍റെയും ദുബെയുടേയും കൂറ്റനടികളാണ് ഇന്ത്യയുടെ സ്‌കോർ ഉയർത്തിയത്. റിങ്കു സിങായിരുന്നു കൂട്ടത്തിൽ കൂടുതൽ ആക്രമണകാരി.
ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. അയർലൻഡ് ബോളർമാരെ അവസാന മൂന്ന് ഓവറുകളിലാണ് ഇരുവരും ചേർന്ന് മർദിച്ചത്. 19-ാം ഓവറിന്‍റെ അവസാന പന്തിലാണ് റിങ്കുവിനെ ഇന്ത്യക്ക് നഷ്‌ടമാകുന്നത്. 21 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 38 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
തുടർന്ന് അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്‌സിന് പറത്തി ദുബെയും തന്‍റെ റോൾ ഗംഭീരമാക്കി. ശിവം ദുബെ 16 പന്തിൽ നിന്ന് രണ്ട് സിക്‌സുകൾ ഉൾപ്പെടെ 22 റണ്‍സുമായും, വാഷിങ്ടണ്‍ സുന്ദൻ റണ്‍സൊന്നും നേടാതെയും പുറത്താകാതെ നിന്നു. അയർലൻഡിനായി ബാരി മക്കാർത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മാർക്ക് അഡയർ, ക്രെയ്ഗ് യംഗ്, ബെഞ്ചമിൻ വൈറ്റ് എന്നിവർ ഓരോ വിക്കറ്റും നേടി.