എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും (104) സെഞ്ച്വറി തികച്ചപ്പോള്‍ 84.5 ഓവറില്‍ 416 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്.
ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 338 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ 78 റണ്‍സ് കൂടി ടീം ടോട്ടലില്‍ ചേര്‍ത്തു. മാത്യു പോട്ട്‌സ് എറിഞ്ഞ 79-ാം ഓവറിലാണ് ജഡേജ സെഞ്ച്വറി തികച്ചത്. 194 പന്തില്‍ 13 ഫോറുകള്‍ അടങ്ങുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. പിന്നാലെ മുഹമ്മദ് ഷമിയെ (16) സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കി.
വൈകാതെ ജഡേജയും തിരിച്ച് കയറി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ ബൗള്‍ഡായാണ് താരം പുറത്തായത്. തുടര്‍ന്ന് മുഹമ്മദ് സിറാജിനെ(2) കൂട്ട് പിടിച്ച് വമ്പനടികളുമായി കളം നിറഞ്ഞ നായകന്‍ ബുംറയാണ് ഇന്ത്യയെ 400 കടത്തിയത്. 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്ത ബുംറ പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ 21.5 ഓവറില്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മാത്യു പോട്ട്‌സ് രണ്ട് വിക്കറ്റ് എടുത്തപ്പോള്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ആറാം വിക്കറ്റില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നേടിയ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് തുണയായത്. 111 പന്തില്‍ 19 ഫോറും 4 സിക്‌സും സഹിതം 146 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ശുഭ്‌മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യർ (15) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.