മിർപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. മത്സരത്തിന്‍റെ രണ്ടാം ദിനം 314 റണ്‍സിന് ഓൾഔട്ടായി. രണ്ടാം ഇന്നിങ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്‌ടം കൂടാതെ 7 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്കിപ്പോൾ 80 റണ്‍സിന്‍റെ ലീഡുണ്ട്.
നാല് വിക്കറ്റ് നഷ്‌ടത്തിൽ 94 എന്ന നിലയിൽ നിന്ന് അഞ്ചാം വിക്കറ്റിൽ 253 എന്ന നിലയിലെത്തിച്ച റിഷഭ് പന്ത് (93), ശ്രേയസ് അയ്യർ (87) സഖ്യത്തിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ വാലറ്റം ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
ഒരു വിക്കറ്റിന് 19 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ഓപ്പണർമാരായ രാഹുലിനും ഗില്ലിനും അധികസമയം പിടിച്ച് നിൽക്കാനായില്ല. 10 റണ്‍സെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. തൊട്ടുപിന്നാലെ ശുഭ്‌മാൻ ഗില്ലും (20) പുറത്തായി. പിന്നാലെ ക്രീസിലെത്തിയ പുജാരയും (24), വിരാട് കോലിയും (24) അധികം വൈകാതെ തന്നെ പുറത്തായി.
ഇതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടുവെങ്കിലും റിഷഭ് പന്ത് -ശ്രേയസ് അയ്യർ സഖ്യം ഇന്ത്യൻ സ്‌കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 159 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ടീം സ്‌കോർ 253ൽ നിൽക്കെ പന്തിനെ ഇന്ത്യക്ക് നഷ്‌ടമായി. തൊട്ടുപിന്നാലെയെത്തിയ അക്‌സർ പട്ടേലും (4) നിലയുറപ്പിക്കും മുന്നേ മടങ്ങി. തുടർന്ന് ശ്രേയസ് അയ്യർ (87) കൂടി പുറത്തായതോടെ ഇന്ത്യ തകരാൻ തുടങ്ങി.
പിന്നാലെയെത്തിയ രവിചന്ദ്രൻ അശ്വിൻ (12), ജയദേവ് ഉനദ്ഘട്ട് (14), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവരും വരിവരിയായി പുറത്തായി. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ, തയ്‌ജുൾ ഇസ്ലാം എന്നിവർ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ടസ്‌കിൻ അഹമ്മദ്, മെഹ്‌ദി ഹസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.