ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെയിറങ്ങും. സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പത് മണിക്കാണ് മത്സരം തുടങ്ങുക. അഞ്ച് മാസത്തിന് ശേഷം ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്ന ഇന്ത്യ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശില്‍ വീണ്ടുമൊരു ടെസ്റ്റിനിറങ്ങുന്നത്.
ആതിഥേയര്‍ക്കെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയിലെ തോല്‍വിക്ക് കടം വീട്ടാനാവും ഇന്ത്യയുടെ ശ്രമം. സ്ഥിരം നായകന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതോടെ കെഎല്‍ രാഹുലിന് കീഴിലാണ് സന്ദര്‍ശകര്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ചേതേശ്വര്‍ പുജാരയാണ് ഉപനായകന്‍. രോഹിത്തിന് പകരം അഭിമന്യൂ ഈശ്വരനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
ബംഗ്ലാദേശ് എയ്‌ക്ക് എതിരായി ഇന്ത്യയെ നയിച്ച അഭിമന്യൂ ഈശ്വരന്‍ മികച്ച ഫോമിലാണ്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ താരത്തിന് ഇടം ലഭിക്കുമോയെന്നുറപ്പില്ല. ശുഭ്‌മാന്‍ ഗില്ലിനൊപ്പം കെഎൽ രാഹുല്‍ ഓപ്പണിങ്ങിനെത്താനാണ് സാധ്യത. ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവര്‍ അണിനിരക്കുന്ന മധ്യനിര ഉറച്ചതും ശക്തവുമാണ്. ബുംറയുടെയും ഷമിയുടെയും ജഡേജയുടെയും അഭാവത്തില്‍ ബോളിങ് യൂണിറ്റില്‍ പരീക്ഷണം വേണ്ടി വന്നേക്കും.
സ്‌പിന്‍ ബോളിങ് കോമ്പിനേഷന്‍: ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍ എന്നിങ്ങനെ നാല് സ്‌പിന്നര്‍മാരാണ് സ്‌ക്വാഡിലുള്ളത്. വെറ്ററന്‍ സ്‌പിന്നറായ ആര്‍ അശ്വിന് സ്ഥാനം ഉറപ്പാണ്. രണ്ടാം സ്‌പിന്നറുടെ സ്ഥാനത്തേക്ക് അക്‌സർ എത്തിയേക്കും.
പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായാണ് അക്‌സറിനെ പരിഗണിക്കുക. ടീമിനായി ബാറ്റുകൊണ്ടും സംഭാവന നല്‍കാന്‍ അക്‌സറിന് കഴിയും. ഇനി മൂന്ന് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നതെങ്കില്‍ കുല്‍ദീപും സൗരഭ് കുമാറും തമ്മിലാണ് മത്സരം.
എന്നാല്‍ കുല്‍ദീപിന് മുന്‍തൂക്കമുണ്ട്. അക്‌സറിനെപ്പോലെ ഇടങ്കയ്യനാണ് സൗരഭ്. അടുത്തിടെ ബംഗ്ലാദേശ് എയ്‌ക്കെതിരെ താരം തിളങ്ങുകയും ചെയ്‌തിരുന്നു. എന്നാല്‍ അനുഭവസമ്പത്തും ബോളിങ്ങിലെ വൈവിധ്യങ്ങളും കുല്‍ദീപിന് ഗുണം ചെയ്യും.
പേസ് യൂണിറ്റ്: പരിക്കിനെ തുടര്‍ന്ന് ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ജയ്ദേവ് ഉനദ്‌ഘട്ട് എന്നിവരാണ് പേസര്‍മാരുടെ സ്‌ക്വാഡിലുള്ളത്. അനുഭവത്തിന്‍റെയും ഫോമിന്‍റെയും അടിസ്ഥാനത്തിൽ ഉമേഷും സിറാജും പ്ലേയിങ് ഇലവനിലെത്തിയേക്കും.
ബാറ്റിങ്ങിലെ മികവ് പരിഗണിക്കുമ്പോള്‍ ശാര്‍ദുലും പരിഗണിക്കപ്പെടാം. ഇതോടെ സൈനിയ്‌ക്കും ഉനദ്‌ഘട്ടിനും പുറത്തിരിക്കേണ്ടി വരും. ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുർദിന മത്സരത്തിലെ പ്രകടനമാണ് സൈനിയെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഉമേഷിന് തുണയാവുക. ഇന്ത്യയ്‌ക്കായി 12 വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു ടെസ്റ്റ് മാത്രം കളിച്ച ഉനദ്‌ഘട്ടിന് ഇനിയും കാത്തിരിക്കേണ്ടി വരും.
മത്സരം കാണാനുള്ള വഴി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. സോണി ലിവിലൂടെയും മത്സരം കാണം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: കെഎൽ രാഹുൽ (സി), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര (വിസി), വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവ്ദീപ് സൈനി, സൗരഭ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്.
ALSO READ: ' സെലക്‌ടർമാർ ഒഴിവാക്കി, കളിച്ച് തിരുത്തി പുജാര'; യുവ താരങ്ങള്‍ക്ക് മാതൃകയെന്ന് മുഹമ്മദ് കൈഫ്