ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനമായിരുന്നു ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ നടത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ തകര്‍ത്ത് കളിച്ച താരം അര്‍ധ സെഞ്ചുറിയുമായാണ് തിരിച്ച് കയറിയത്. 125 പന്തില്‍ 81 റണ്‍സെടുത്ത ഖവാജയെ രവീന്ദ്ര ജഡേയാണ് പുറത്താക്കിയത്.
എന്നാല്‍ ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് തര്‍പ്പന്‍ ക്യാച്ചെടുത്ത കെഎല്‍ രാഹുലിന് കൂടി അവകാശപ്പെട്ടതാണ്. മുഴുനീള ഡൈവിങ് ക്യാച്ചിലൂടെയാണ് രാഹുല്‍ ഖവാജയ്‌ക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്. ജഡേജയുടെ പന്തില്‍ ഖവാജ കളിച്ചത് റിവേഴ്‌സ് സ്വീപ്പാണ്.
എന്നാല്‍ ഉയര്‍ന്നുവന്ന പന്ത് പോയിന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രാഹുല്‍ മുഴുനീള ഡൈവിലൂടെ ഒറ്റക്കയില്‍ ഒതുക്കി. ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്ത വീഡിയോ സോഷ്യല്‍ മീഡിയിയല്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ജഡേജയുടെ ടെസ്റ്റ് കരിയറിലെ 250ാം വിക്കറ്റായിരുന്നുവിത്.
തന്‍റെ 62ാം ടെസ്റ്റാണ് 34കാരന്‍ ഓസീസിനെതിരെ ഡല്‍ഹിയില്‍ കളിക്കുന്നത്. ഇതോടെ ചില നിര്‍ണായക നാഴികകല്ലുകള്‍ പിന്നിടാനും 34കാരന് കഴിഞ്ഞു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകളും 2,000 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡുള്‍പ്പെടെയാണ് ജഡേജ സ്വന്തമാക്കിയത്.
51 ടെസ്റ്റ് ടെസ്റ്റുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ആര്‍ അശ്വിനാണ് മുന്നിലുള്ളത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയതാണ് മറ്റൊരു നേട്ടം. 45 ടെസ്റ്റുകളില്‍ നിന്നും 250 വിക്കറ്റുകള്‍ നേടിയ ആര്‍ അശ്വിനാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
അനിൽ കുംബ്ലെ (55), ബിഎസ് ബേദി (60), ഹർഭജൻ സിങ് (61) എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍. ഇതോടൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ജഡേജയെ സ്വന്തമാക്കിയിട്ടുണ്ട്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജഡേജ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ: ആരാണ് സപ്‌ന ഗില്‍; പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെക്കുറിച്ച് അറിയാം