ഗുവാഹത്തി : ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത് (India vs Australia third t20i match result).
ഇതോടെ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയ ആദ്യ വിജയം നേടി. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി.
ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡും ആരോണ്‍ ഹാര്‍ഡിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 4.2 ഓവറില്‍ ടീം സ്കോര്‍ 47റണ്‍സില്‍ നില്‍ക്കെ 16 റണ്‍സെടുത്ത ഹാര്‍ഡിയാണ് ആദ്യം പുറത്തായത്. 18 പന്തുകളില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 35 റണ്‍സെടുത്ത ട്രാവിസ് ഹെഡ് തൊട്ടുപിന്നാലെ പുറത്തായി.
തുടര്‍ന്നെത്തിയ ജോഷ് ഇംഗ്ലിസിന് ഓസീസിനായി ഇന്ന് കാര്യമായ പ്രകടനം നടത്താനായില്ല. അതേസമയം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ച പ്രകടനം ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു മാക്‌സ്‌വെല്ലിന്‍റെ ഇന്നത്തെ ഇന്നിങ്ങ്‌സ്. ഒരറ്റത്ത് മാത്യൂ വെയ്‌ഡ് പിടിച്ചുനിന്നപ്പോള്‍ മറുവശത്ത് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു മാക്‌സ്‌വെല്‍.
അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത്. ഇതില്‍ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ ഒരു റണ്‍സും നേടി മാത്യൂ വെയ്‌ഡ് മാക്‌സ്‌വെല്ലിന് സ്‌ട്രൈക്ക് കൈമാറി. തുടര്‍ന്ന് ബാക്കിയുളള പന്തുകളില്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടി മാക്‌സ്‌വെല്‍ ഓസീസിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 57 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയില്‍ 123 റണ്‍സാണ് റിതുരാജ് നേടിയത്.
അന്താരാഷ്‌ട്ര ടി20യില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍ 2-1ന് മുന്നിലാണ് ടീം ഇന്ത്യ.
Also Read : 'ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനം, അത് അവൻ ഉറപ്പിച്ചെന്ന് ഓസീസ് മുൻ താരം'