രാജ്‌കോട്ട് : ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് രാജ്‌കോട്ടിൽ (India Vs Australia Third ODI). ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാൻ ഇറങ്ങുമ്പോൾ ഇന്ത്യയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ എല്ലാം മത്സരങ്ങളും പരാജയപ്പെടുകയെന്ന നാണക്കേട് ഒഴിവാക്കാനാകും ഓസീസ് ഇന്നിറങ്ങുക.
ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഓസ്ട്രേലിയക്കെിരായ ഏകദിന പരമ്പര തൂത്തുവാരിയിട്ടില്ല. ഇന്ത്യ മാത്രമല്ല, ഓസ്ട്രേലിയ്‌ക്കും ഇന്ത്യക്കെതിരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല (India Eye Historic Clean Sweep Against Australia). ലോകകപ്പിന് മുന്നോടിയായുള്ള മത്സരമായതിനാൽ ഇരുടീമുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും.
ഓപ്പണര്‍ ശുഭ്‌മാന്‍ ഗിൽ, ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂർ, ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ മുഹമ്മദ് ഷമി എന്നിവർ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ല. രണ്ടാം ഏകദിനത്തിന് ശേഷം ഗില്ലിന് വിശ്രമം അനുവദിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷമിയും ഹാർദിക്കും ശാർദുലും വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ടീം ഇന്ത്യയുടെ സ്വകാഡ് 13 പേരിലേക്ക് ചുരുങ്ങിയെന്ന് നായകൻ രോഹിത് ശർമ പറഞ്ഞിരുന്നു. പരിക്കേറ്റ അക്‌സർ പട്ടേലിന് പകരം അശ്വിൻ ആദ്യ ഇലവനിൽ തുടരാനാണ് സാധ്യത.
രോഹിത് ശർമ, വിരാട് കോലി, ജസ്‌പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവർ തിരിച്ചെത്തും. ഗില്ലിന്‍റെ അഭാവത്തിൽ രോഹിതും ഇഷാൻ കിഷനുമായിരിക്കും ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. ഓസീസ് നിരയിലും കൂടുതൽ മാറ്റങ്ങളുണ്ടാകും. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ തിരിച്ചെത്തിയേക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മാക്‌സ്‌വെൽ ജൂലൈയ്‌ക്ക് ശേഷം ഓസിസ് നിരയിൽ കളിച്ചിട്ടില്ല.
പിച്ച് റിപ്പോർട്ട് : രാജ്‌കോട്ടിലെ ബാറ്റിങ് പിച്ചിൽ കൂടുതൽ റൺസ് പിറക്കും. തെളിഞ്ഞ കാലാവസ്ഥയായിരുക്കുമെന്നും മഴ മത്സരത്തെ തടസപ്പെടുത്താൻ സാധ്യത ഇല്ലെന്നുമാണ് റിപ്പോർട്ട്. ഈ മൈതാനത്ത് നടന്ന അവസാന ആറ് മത്സരത്തിൽ നാലിലും 300 റൺസ് കടന്നിട്ടുണ്ട്. രാജ്‌കോട്ടിൽ അവസാനമായി ഏറ്റുമുട്ടിയത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ്. ഈ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യ 340 റൺസെടുത്തപ്പോൾ ഓസീസ് 304 റൺസിന് പുറത്താകുകയായിരുന്നു.
ഇന്ത്യ സ്ക്വാഡ് : ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിൻ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, തിലക് വർമ.
ഓസ്‌ട്രേലിയ സ്ക്വാഡ് : ഡേവിഡ് വാർണർ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, മാറ്റ് ഷോര്‍ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ജോഷ് ഹെയ്‌സല്‍വുഡ്, തന്‍വീര്‍ സംഘ, സീന്‍ ആബട്ട്.