സിഡ്‌നി : ഏകദിന ലോകകപ്പിന് (Cricket World Cup 2023) പിന്നാലെ ഇന്ത്യയ്‌ക്ക് എതിരെ നടക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia). വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്‌ഡിന്‍റെ (Matthew Wade) നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് എതിരെ കളിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് (Cricket Australia names 15-member squad for five-match T20I series against India).
ഏകദിന ലോകകപ്പില്‍ കളിക്കുന്ന എട്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തി. വെറ്ററൻ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരെ കൂടാതെ ജോഷ് ഇംഗ്ലിസും സീൻ ആബട്ടുമാണ് ഇന്ത്യയില്‍ തുടരുക. ലോകകപ്പില്‍ പകരക്കാരുടെ പട്ടികയിലുള്ള സ്‌പിന്നര്‍ തന്‍വീന്‍ സംഗ ടി20 പരമ്പരയ്‌ക്കുള്ള പ്രധാന സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
ലോകകപ്പ് പൂർത്തിയാകുന്നതോടു കൂടി ടീമിന്‍റെ സ്ഥിരം നായകന്‍ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങും. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിവര്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കായി തയാറെടുക്കാനാണ് പാറ്റ് കമ്മിന്‍സ് ടി20 പരമ്പരയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവരും ടി20 പരമ്പര ഒഴിവാക്കി ക്യാപ്റ്റനൊപ്പം നാട്ടിലേക്ക് തിരിക്കും.
ഇന്ത്യയ്‌ക്ക് എതിരെ അഞ്ച് ടി20 പരമ്പരകളാണ് ഓസ്‌ട്രേലിയ കളിക്കുന്നത് (India vs Australia T20I). നവംബര്‍ 23ന് വിശാഖപട്ടണത്താണ് ആദ്യ ടി20. തുടര്‍ന്ന് നവംബര്‍ 26ന് തിരുവനന്തപുരം, നവംബര്‍ 28ന് ഗുവാഹത്തി, ഡിസംബര്‍ ഒന്നിന് നാഗ്‌പൂര്‍, ഡിസംബര്‍ മൂന്നിന് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
ഓസ്‌ട്രേലിയ ടി20 ടീം: മാത്യു വെയ്‌ഡ് (സി), ജേസൺ ബെഹ്‌റൻഡോർഫ്, സീൻ ആബട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, ഗ്ലെൻ മാക്‌സ്‌വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്‌മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ, ഡേവിഡ് വാർണർ (Australia squad for T20I series against India).