ദുബായ്: കഴിഞ്ഞ ഏഷ്യ കപ്പിലെ സെഞ്ച്വറി നേട്ടത്തോടെയാണ് ഇന്ത്യയുടെ റണ്‍ മെഷീന്‍ വിരാട് കോലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയുടെ റണ്‍ വരള്‍ച്ച തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 111 റണ്‍സ് മാത്രമാണ് 34കാരന് നേടാന്‍ കഴിഞ്ഞത്.
കഴിഞ്ഞ 20 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ സാധിച്ചത്. എന്നാല്‍ കോലിക്ക് ശക്തമായി തിരികെയെത്താനാവുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
തിരികെയെത്താന്‍ ചാമ്പ്യൻ കളിക്കാർ എല്ലായ്‌പ്പോഴും ഒരു വഴി കണ്ടെത്തുമെന്നാണ് പോണ്ടിങ് പറയുന്നത്. "വിരാട് കോലിയെ സംബന്ധിച്ചിടത്തോളം, ചാമ്പ്യൻ കളിക്കാർ തങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് മടങ്ങിയെത്താന്‍ എപ്പോഴും ഒരു വഴി കണ്ടെത്തുമെന്ന് ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
കോലി ഇപ്പോള്‍ അല്‍പം റണ്‍സ് വരള്‍ച്ച നേരിടുന്നുണ്ടാവാം. നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്ന നിലയില്‍ റണ്‍സ് സ്‌കോർ ചെയ്യുന്നില്ലായിരിക്കാം. പക്ഷെ അവന്‍ യഥാര്‍ഥ പ്രതിഭയാണ്.
ഒരു ബാറ്റര്‍ എന്ന നിലയില്‍ റണ്‍സ് നേടാന്‍ കഴിയുന്നില്ലെങ്കില്‍ അതേക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ നന്നായി അറിയാനാവും. കോലിയുടെ ഇപ്പോഴത്തെ റണ്‍ വരള്‍ച്ചയില്‍ എനിക്ക് ആശങ്കയില്ല. കാരണം അവൻ തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്", ഐസിസി റിവ്യൂവിൽ റിക്കി പോണ്ടിങ് പറഞ്ഞു.
ബോർഡർ-ഗവാസ്‌കർ ട്രോഫിയെക്കുറിച്ച് സംസാരിക്കവേ, ഈ പരമ്പരയുടെ അടിസ്ഥാനത്തിൽ ഏതൊരു ബാറ്ററെയും വിലയിരുത്തുന്നത് പ്രയാസമുള്ള കാര്യമാണെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യന്‍ പിച്ചുകളെ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമെന്നാണ് പോണ്ടിങ് വിശേഷിപ്പിച്ചത്.
"പരമ്പരയിൽ ഞാൻ ആരുടെയും ഫോമിലേക്ക് നോക്കുന്നില്ല, കാരണം ബാറ്റർമാർക്ക് ഇതൊരു പേടിസ്വപ്‌നമാണ്. ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് ശേഷം മൂന്നാം മത്സരത്തില്‍ വിജയിച്ച് തിരിച്ചെത്തിയ ഓസ്‌ട്രേലിയ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ ബാറ്റു ചെയ്യുക ഏറെ പ്രയാസമാണെന്ന് എല്ലാവര്‍ക്കും അറിയാം.
അത് ടേൺ കൊണ്ടല്ല, മറിച്ച് അപ്രതീക്ഷിത ബൗൺസിനാലാണ്. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ബാറ്റിങ് ശരിക്കും ബുദ്ധിമുട്ടാക്കും", റിക്കി പോണ്ടിങ് പറഞ്ഞു നിര്‍ത്തി.
നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് നടക്കുക. ഇന്‍ഡോറില്‍ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു. മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കണമെങ്കില്‍ അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ടെസ്റ്റ് റെക്കോഡുള്ള വിരാട് കോലിക്ക് കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
പലപ്പോഴും നിര്‍ഭാഗ്യവും താരത്തിന്‍റെ പുറത്താവലിന് കാരണമായിരുന്നു. ഇതോടെ അഹമ്മദാബാദിലെ മത്സരത്തിലൂടെ താരത്തിന് ഫോമിലേക്ക് മടങ്ങിയെത്താനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ ഒരുപിടി മികച്ച താരങ്ങള്‍ അവസരം കാത്തിരിക്കെ കോലിയുടെ ടെസ്റ്റ് ഭാവി ചോദ്യചിഹ്നമായേക്കാം.