ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി പിന്നിട്ട ശ്രേയസ് അയ്യരും (72 പന്തില്‍ 86) ശുഭ്‌മാന്‍ ഗില്ലുമാണ് (67 പന്തില്‍ 85) ക്രീസില്‍ തുടരുന്നത്.
സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് മാത്രം നില്‍ക്കെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. നാലാം ഓവറിന്‍റെ നാലാം പന്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. 12 പന്തുകളില്‍ എട്ട് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
എന്നാല്‍ തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ഓസീസ് ബോളര്‍മാരെ കടന്നാക്രമിച്ചു. എട്ടാം ഓവറില്‍ അന്‍പത് പിന്നിട്ട ഇന്ത്യ ഇടയ്‌ക്ക് മഴ രസം കൊല്ലിയായെങ്കിലും 13-ാം ഓവറില്‍ നൂറും കടന്നു. തൊട്ടടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനിനെ സിക്‌സറിന് പറത്തി ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറിയും തികച്ചു.
37 പന്തുകളില്‍ നിന്നാണ് ഗില്‍ അന്‍പത് കടന്നത്. തൊട്ടുപിന്നാലെ സ്പെൻസർ ജോൺസണിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് ശ്രേയസും അര്‍ധ സെഞ്ചുറിയിലെത്തിയത്. 41 പന്തുകളിലായിരുന്നു താരം അന്‍പത് തികച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ ആക്രമിച്ചാണ് താരം കളിക്കുന്നത്.
ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ ഇറങ്ങിയപ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ഓസീസ് നിരയിലുള്ളത്.
പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം പ്രസിദ്ധ് കൃഷ്‌ണയാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഓസീസ് നിരയില്‍ സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവര്‍ക്ക് പകരമായി അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി.
ഇന്ത്യ (പ്ലേയിങ് ഇലവൻ India Playing XI against Australia ): ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (സി/ഡബ്ല്യു), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ Australia Playing XI against India): ഡേവിഡ് വാർണർ, മാത്യു ഷോർട്ട്, സ്‌റ്റീവ് സ്മിത്ത് (സി), മാർനസ് ലെബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (ഡബ്ല്യു), കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ.