ഇന്‍ഡോര്‍ : അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങും (India vs Afghanistan 2nd T20I). ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്. മൊഹാലിയിലെ ആദ്യ മത്സരം സ്വന്തമാക്കിയ ഇന്ത്യയ്‌ക്ക് ഇന്ന് ഇന്‍ഡോറില്‍ ജയിച്ചാല്‍ പരമ്പര നേടാം.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 6 വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്ത്യ നേടിയത്. ശിവം ദുബെയുടെ (Shivam Dube) തകര്‍പ്പന്‍ ഓള്‍ റൗണ്ട് മികവായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തുണയായത്. രണ്ടാം മത്സരത്തിനിറങ്ങുമ്പോഴും ദുബെ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പ്.
അതേസമയം, മൊഹാലിയില്‍ കളിക്കാതിരുന്ന വിരാട് കോലിയും രണ്ടാം ടി20യില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. കോലി തിരിച്ചെത്തുമ്പോള്‍ തിലക് വര്‍മയ്‌ക്കാകും സ്ഥാനം തെറിക്കുക. 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിരാട് കോലി ഒരു അന്താരാഷ്‌ട്ര ടി20 മത്സരത്തിനായി ഇറങ്ങാന്‍ ഒരുങ്ങുന്നത്.
വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തന്നെ തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തെ രോഹിത് ഒഴിവാക്കാന്‍ സാധ്യതയില്ല. ഇതോടെ, മലയാളി താരം സഞ്ജു സാംസണ് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.
ആദ്യ മത്സരം കളിക്കാതിരുന്ന യശസ്വി ജയ്‌സ്വാള്‍ ടീമിലേക്ക് തിരിച്ചെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ജയ്‌സ്വാള്‍ തിരിച്ചെത്തിയാല്‍ സമീപകാലത്തായി ടി20 ക്രിക്കറ്റില്‍ മോശം ഫോമിലുള്ള ഗില്ലിന് പുറത്തിരിക്കേണ്ടി വന്നേക്കാം. ബൗളിങ് നിരയില്‍, രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവിനും ഇന്നത്തെ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചേക്കാം.
പിച്ച് റിപ്പോര്‍ട്ട് (Indore Pitch Report): ബാറ്റിങ്ങിന് ഏറെ അനുകൂലമാണ് ഇന്‍ഡോര്‍ ഹോല്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ച്. ചെറിയ ബൗണ്ടറികള്‍ ഉള്ള ഗ്രൗണ്ട് ആയതുകൊണ്ട് തന്നെ ഇവിടെ റണ്‍സ് മഴ പ്രതീക്ഷിക്കാം. 210 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍.
ഇന്‍ഡോറില്‍ നടന്ന മൂന്ന് അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ രണ്ടിലും ജയം നേടിയത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണ്. ഒരു പ്രാവശ്യം മാത്രമായിരുന്നു റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടീമിന് ജയിക്കാനയത്.
മത്സരം ലൈവായി കാണാന്‍ (Where To Watch India vs Afghanistan T20I): സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലൂടെയാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ രണ്ടാം ടി20 തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലൂടെ സൗജന്യമായും മത്സരം ഓണ്‍ലൈന്‍ സട്രീം ചെയ്യാന്‍ സാധിക്കും.
Also Read : ഇഷാന്‍ കിഷന്‍ ഇല്ല, പകരം പുതിയ വിക്കറ്റ് കീപ്പര്‍ ; ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് ഒരുങ്ങി ഇന്ത്യ