സിഡ്‌നി: നാളെ ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റില്‍ മാച്ച് ഒഫീഷ്യലായി വനിതയും. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്ലെയര്‍ പൊലോസികാണ് ഫോര്‍ത്ത് അമ്പയറുടെ റോളില്‍ സിഡ്‌നിയില്‍ തിളങ്ങുക. പുരുഷന്‍മാരുടെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു വനിത മാച്ച് ഒഫീഷ്യലാകുന്നത്. 32 വയസുള്ള പൊലോസിക് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സ്വദേശിനിയാണ്. നേരത്തെ 2019ല്‍ നടന്ന ഐസിസിയുടെ ഡിവിഷന്‍ ടു ലീഗില്‍ ഓണ്‍ഫീല്‍ഡ് അമ്പയറായി സേവനം അനുഷ്‌ടിച്ച പരിചയവും പൊലോസികിന് മുതല്‍കൂട്ടാകും.
ഐസിസി നിയമപ്രകാരം ആതിഥേയ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനാണ് ഫോര്‍ത്ത് അമ്പയറെ നിയമിക്കാനുള്ള അവകാശം. ഈ നിയമം പ്രയോജനപ്പെടുത്തിയാണ് പൊലോസികിന് അവസരം ലഭിച്ചത്. ന്യൂബോള്‍ അനുവദിക്കുക, ഉച്ചഭക്ഷണ സമയത്തും ചായക്ക് പിരിയുമ്പോഴും പിച്ചിന്‍റെ സംരക്ഷണം തുടങ്ങിയവയാണ് ഫോര്‍ത്ത് അമ്പയറുടെ ഉത്തരവാദിത്തം. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ എന്തെങ്കിലും കാരണത്താല്‍ പുറത്ത് പോവുകയാണെങ്കില്‍ തേര്‍ഡ് അമ്പയറുടെ ചുമതലകള്‍ കൂടി ഫോര്‍ത്ത് അമ്പയര്‍ നിര്‍വഹിക്കേണ്ടി വരും. തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറായി മാറുന്ന സാഹചര്യത്തിലാണിത്.
ഓണ്‍ഫീല്‍ഡില്‍ മുന്‍ പേസര്‍മാരായ പൗള്‍ റൈഫിളും പൗള്‍ വില്‍സണും അമ്പയറാകുമ്പോള്‍ ടിവി അമ്പയറായി ബ്രൂസ് ഒക്‌സന്‍ ഫോര്‍ഡും സിഡ്‌നിയില്‍ പൊലൊസിക്കിനൊപ്പം പ്രവര്‍ത്തിക്കും. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ബൂണാണ് മാച്ച് റഫറി.