മെല്‍ബണ്‍: പരിക്കില്‍ നിന്നും മോചിതനായ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ബുധനാഴ്‌ച ടീം ഇന്ത്യക്കൊപ്പം ചേരും. കൊവിഡ് 19 പരിശോധനകള്‍ക്ക് ശേഷം മെല്‍ബണില്‍ എത്തിയാണ് ഹിറ്റ്മാന്‍ ടീം ഇന്ത്യക്കൊപ്പം ചേരുക. അതേസമയം സിഡ്‌നിയില്‍ ജനുവരി ഏഴ് മുതല്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് കൊവിഡ് ആശങ്കയിലാണ്. സിഡ്‌നയിലെ കൊവിഡ് വ്യാപനമാണ് ആശങ്കക്ക് കാരണം. ടെസ്റ്റിന്‍റെ വേദി മാറ്റുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അടുത്ത ദിവസം തന്നെ അന്തിമ തീരുമാനം എടുക്കും. വേദി മാറ്റുകയാണെങ്കില്‍ പരമ്പരയിലെ മൂന്നാമത്തെ മത്സരവും മെല്‍ബണില്‍ നടക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ടിം പെയിനും കൂട്ടര്‍ക്കും മേലെ ടീം ഇന്ത്യ വ്യക്തമായ ആധിപത്യം സ്വന്തമാക്കി കഴിഞ്ഞു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്. 17 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 15 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.