സിഡ്‌നി: ടിം പെയിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായന്‍ പേസര്‍ പാറ്റ് കമ്മിന്‍സായിരിക്കുമെന്ന് മുന്‍ ഓസിസ് നായകന്‍ മിച്ചല്‍ ക്ലാര്‍ക്ക്. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.
36 വയസുള്ള ടിം പെയിന്‍റെ കരിയര്‍ അവസാന ഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകനെ തിരയേണ്ട സമയമാണിത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപനായക സ്ഥാനം വഹിക്കുന്നത് കമ്മിന്‍സാണ്. നേരത്തെ ട്രാവിസ് ഹെഡിനൊപ്പം ഈ സ്ഥാനം പങ്കിട്ട കമ്മിന്‍സ് നിലവില്‍ ഒറ്റക്കാണ് ഉപനായകന്‍റെ ചുമതല വഹിക്കുന്നത്.
ബൗളറെക്കാള്‍ നായകനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കുക ബാറ്റ്സ്‌മാനാണെന്ന വാദത്തെയും ക്ലാര്‍ക്ക് തള്ളിക്കളഞ്ഞു. ബാറ്റ്്സ്‌മാനും ബൗളര്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. നായകനാകാനുള്ള യോഗ്യതകളുണ്ടാകണമെന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയില്‍ ടിം പെയിനും നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലിയില്‍ ആരോണ്‍ ഫിഞ്ചും നിസ്‌തുലമായ സേവനമാണ് കാഴ്‌ചവെക്കുന്നത്. ഇരുവരില്‍ നിന്നും നിരവധി കാര്യങ്ങള്‍ കമ്മിന്‍സിന് പഠിക്കാനുണ്ട്. നിലവിലെ സാഹചര്യം ഇതിനായി കമ്മിന്‍സ് പ്രയോജയനപ്പെടുത്തണം. ഓസ്‌ട്രേലിയന്‍ ടീമിനെ 47 മത്സരങ്ങളില്‍ നയിച്ച ക്ലാര്‍ക്ക് 2015ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.