ഹൈദരാബാദ്: ചടുലതയും അച്ചടക്കവും ആസൂത്രണവും സുവര്‍ണ മന്ത്രങ്ങളായി സ്വീകരിച്ചാല്‍ ടീം ഇന്ത്യക്ക് ബോക്‌സിങ് ഡേയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മെല്‍ബണില്‍ ടീം ഇന്ത്യ ശനിയാഴ്‌ച ഓസ്‌ട്രേലിയയെ നേരിടാന്‍ ഇരിക്കെയാണ് സച്ചിന്‍റെ ഉപദേശം.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും ചടുലമായ നീക്കങ്ങള്‍ക്ക് തയ്യാറായാല്‍ പരമ്പര സ്വന്തമാക്കാം. വമ്പന്‍ മാറ്റങ്ങള്‍ക്ക് മുതിരുന്നതിന് പകരം അടിസ്ഥാനപരമായ തയ്യാറെടുപ്പുകളില്‍ ഉറച്ച് നില്‍ക്കാന്‍ ടീം ഇന്ത്യ തയ്യാറാകണം. അതിലൂടെ ജയം കണ്ടെത്താന്‍ സാധിക്കും. ലോകത്തെവിടെ ആയാലും ഇന്നലെ വരെ ടീം ഇന്ത്യ പിന്തുടര്‍ന്നത് ആ പാതയാണ്. അതിലൂടെയാണ് ജയം സ്വന്തമാക്കിയത്. 25 വര്‍ഷത്തോളം അന്താരാഷ്‌ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരച്ച സച്ചിന്‍റെ അഭിപ്രായങ്ങള്‍ക്ക് ടീം ഇന്ത്യ വലിയ വില കല്‍പ്പിക്കും.
മെല്‍ബണില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ടീം ഇന്ത്യക്ക് അത് പ്രചോദനമായി മാറും. ആദ്യ മത്സരത്തിലെ ദയനീയ തോല്‍വി ടീം ഇന്ത്യക്ക് തിരിച്ചടിയാണ്. അതില്‍ നിന്നും കരകയറാന്‍ മെല്‍ബണെ പ്രയോജനപ്പെടുത്തണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.
മെല്‍ബണ്‍ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ടീമിനെ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍ ബോക്‌സിങ് ഡേ ടെസ്റ്റിനും നിലനിര്‍ത്തി. അതേസമയം മെല്‍ബണിലേക്കുള്ള ഇലവനെ ടീം ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്‌ചയാണ് മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുക.