കാൻബറ: ഓസ്‌ട്രേലിയൻ പരമ്പരയിലെ അഭിമാന പോരാട്ടത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്‌ടമായ ഇന്ത്യയ്‌ക്ക് ട്വന്‍റി 20 പരമ്പരയില്‍ ആത്മവിശ്വസത്തോടെ കളിക്കാൻ ഇന്നത്തെ ജയം അനിവാര്യമാണ്. മറുവശത്ത് പരമ്പര തൂത്തുവാരാനാണ് ഓസ്‌ട്രേലിയയുടെ നീക്കം.
ഇന്ത്യൻ ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഏറെ റണ്‍സ് വഴങ്ങിയ നവ്‌ദീപ് സെയ്‌നിയെ ടീമില്‍ നിന്നൊഴിവാക്കി. പകരം ടി. നടരാജനെ ഉള്‍പ്പെടുത്തി. മായങ്ക് അഗര്‍വാളിന് പകരം ശുഭ്‌മാൻ ഗില്ലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിന് ഓസ്‌ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഡാവിക്കും പാറ്റ് കമ്മിൻസും കളിക്കില്ല. പകരം സീൻ ആബട്ടും അഷ്‌ടോണും കാമറൂണ്‍ ഗ്രീനും അവസാന ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗ്രീനിന്‍റെ ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്.
ശക്തമായ ബാറ്റിങ് നിരയാണ് ഓസീസിന്‍റെ കരുത്ത്. മറുവശത്ത് സിഡ്നിയിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ബോളിങ് നിരയുടെ പരാജയമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 300ലേറെ സ്കോർ കണ്ടെത്തിയെങ്കിലും മാച്ച് വിന്നറില്ലാത്തത് ടീമിന് തിരിച്ചടിയായി. പേസർ ജസ്പ്രീത് ബുമ്രയുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നം. ആദ്യ രണ്ട് മത്സരങ്ങളിൽ 152 റൺസ് വഴങ്ങിയ ബുമ്ര നേടിയത് രണ്ട് വിക്കറ്റ് മാത്രമാണ്.
ഡേവിഡ് വാർണറെ പരുക്കുമൂലം നഷ്ടമായെങ്കിലും ഓസീസ് ബാറ്റിങ് നിര ശക്തമാണ്. ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തും മാക്‌സ്‌വെല്ലും ലബുഷെയ്‌നുമെല്ലാം മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കായി ബാറ്റ് ചെയ്‌ത ആറ് പേരില്‍ ഒരാള്‍ സെഞ്ച്വറി നേടുകയും നാല് പേര്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്‌തിരുന്നു.