കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടി-ട്വന്‍റിയിൽ ശ്രീലങ്കയ്ക്ക് ജയം. 132 റൺസ് വിജയലക്ഷ്യം നേരിട്ട് ബാറ്റ് വീശിയ ലങ്കയെ ധനഞ്ജയ ഡി സിൽവയാണ് വിജയത്തിലേക്ക് എത്തിച്ചത്. 34 പന്തുകളിൽ നിന്നും 40 റൺസാണ് ഡി സിൽവ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ബുവനേശ്വർ കുമാർ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 132 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശിഖർ ധവാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റായിരുന്നു ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്.
മലയാളി താരം സഞ്ജു സാംസണിന് 13 പന്തുകളിൽ നിന്നും നേടിയ ഏഴ് റൺസ് നേടി തൃപ്‌തിപെടേണ്ടിവന്നു. ധനഞ്ജയയുടെ പന്തിൽ ബൗൾഡ് ആയാണ് സഞ്ജു കൂടാരം കയറിയത്. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ, അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമായിരിക്കുകയാണ്.
Also Read: 'കോലിക്കും രോഹിത്തിനും ശേഷം അവന്‍'; സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍