ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പുരുഷ വിഭാഗം കബഡിയില്‍ (Men's kabaddi Semi Final) മെഡലുറപ്പിക്കാന്‍ ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങും. ഹാങ്‌ചോയില്‍ ഉച്ചയ്‌ക്ക് 12:30ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍ (India vs Pakistan Kabaddi Semi final). ഏഷ്യന്‍ ഗെയിംസിന്‍റെ കഴിഞ്ഞ എട്ട് പതിപ്പിലും മെഡല്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിട്ടുണ്ട്.
അവസാന എട്ട് പതിപ്പിലെ ചരിത്രം പരിശോധിച്ചാല്‍ ഏഴ് പ്രവശ്യവും കബഡിയില്‍ സ്വര്‍ണം നേടിയത് ഇന്ത്യന്‍ ടീമാണ്. ഒരുതവണ മാത്രമാണ് ഇന്ത്യ വെങ്കലവുമായി മടങ്ങിയത്. മറുവശത്ത് പാകിസ്ഥാന്‍റെ അക്കൗണ്ടില്‍ രണ്ട് വെള്ളിയും ആറ് വെങ്കലുമാണുള്ളത്.
ഇത് ഏഴാമത്തെ പ്രാവശ്യമാണ് ഏഷ്യന്‍ ഗെയിംസ് ഇരു ടീമും മുഖാമുഖം വരുന്നത്. ഇതിന് മുന്‍പ് പോരടിച്ചപ്പോഴെല്ലാം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇരു ടീമും പരസ്‌പരം ഏറ്റുമുട്ടിയിരുന്നില്ല.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം കബഡിയില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. പ്രാഥമിക റൗണ്ടില്‍ തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ചൈനീസ് തായ്‌പെയ്, ജപ്പാന്‍ ടീമുകളെയാണ് ഇന്ത്യ മറികടന്നത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ഇറാനോട് തോറ്റുകൊണ്ടായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. തുടര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന പാകിസ്ഥാന്‍ മലേഷ്യ, ദക്ഷിണ കൊറിയ ടീമുകളെ പിന്തള്ളി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് സെമിയിലേക്ക് കുതിച്ചത്.
പൊന്‍ പോരാട്ടത്തിന് ഇന്ത്യന്‍ വനിതകള്‍ : ഏഷ്യന്‍ ഗെയിംസ് (Asian Games 2023) വനിത വിഭാഗം കബഡിയില്‍ (Women's Kabaddi) ഇന്ത്യന്‍ ടീം ഫൈനലില്‍. ഇന്ന് നടന്ന സെമി ഫൈനലില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 61-17 എന്ന സ്‌കോറിന് ആധികാരികമായിട്ടായിരുന്നു സെമിയില്‍ ഇന്ത്യയുടെ വിജയം. ഇറാന്‍ ചൈനീസ് തായ്‌പെയ് രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുന്നത്. നാളെ (ഓക്‌ടോബര്‍ 7) രാവിലെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഫൈനല്‍.
മത്സരം ലൈവായി കാണാന്‍: ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന്‍റെ തത്സമയ സംപ്രേഷണം ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയാണ്. കബഡി പുരുഷ വിഭാഗം സെമി ഫൈനലും വനിത വിഭാഗം ഫൈനലും സോണി സ്‌പോര്‍ട്‌സ് ടെന്‍ ചാനലുകളിലൂടെ കാണാം. കൂടാതെ, സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെയും മത്സരങ്ങള്‍ തത്സമയം സ്‌ട്രീം ചെയ്യാം.