ദുബായ് : ഏറ്റവും പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് എണ്ണത്തില്‍ നിന്നുള്ള 14 പോയിന്‍റാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.
ട്രെന്‍ഡ്‌ബ്രിഡ്‌ജില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരം 151 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു.
ആദ്യ മത്സരത്തിലെ നാലും വിജയം പിടിച്ച രണ്ടാം മത്സരത്തിലെ 12 പോയിന്‍റും ഉള്‍പ്പെടെ 16 പോയിന്‍റാണ് ഇന്ത്യയ്‌ക്ക് ഉണ്ടാകേണ്ടിയിരുന്നത്.
എന്നാല്‍ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പോയിന്‍റുകള്‍ പിഴയിനത്തില്‍ കോലിക്കും സംഘത്തിനും നഷ്ടമായി. 12 പോയിന്‍റ് വീതമുള്ള പാകിസ്ഥാനും വെസ്റ്റ്ഇന്‍ഡീസുമാണ് ഇന്ത്യക്ക് പിന്നില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
also read: ധാക്കയിലെത്തിയതിന് പിന്നാലെ കിവീസ് താരം ഫിന്‍ അലന് കൊവിഡ്
ഇരു സംഘവും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസും പാകിസ്ഥാനും ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു. രണ്ട് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്.
ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ജോ റൂട്ടിനും സംഘത്തിനും രണ്ട് പോയിന്‍റ് പിഴ ലഭിച്ചിരുന്നു.