ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണര്‍മാരെ ആവശ്യപ്പെട്ട് ടീം മാനേജ്മെന്‍റ്. ഗില്ലിന് പകരം രണ്ട് ഓപ്പണര്‍മാരെ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28നാണ് മാനേജ്മെന്‍റ് ഇ-മെയില്‍ അയച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാതെ സെലക്ഷന്‍ കമ്മറ്റി
ഇന്ത്യയുടെ മുന്‍ ഓപ്പണറായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ബാക്ക് അപ്പ് ഓപ്പണര്‍മാരായി ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇംഗ്ലണ്ടിലുള്ള 20 അംഗ ടീമില്‍ കെഎല്‍ രാഹുലും അഭിമന്യു ഈശ്വരനുമുണ്ടെങ്കിലും രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കാനാവൂവെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.
'അഭിമന്യു പാകമായിട്ടില്ല'
റിസര്‍വ് താരമായ അഭിമന്യു ഈശ്വരന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പാകമായിട്ടില്ലെന്നും ടോപ് ക്വാളിറ്റി ടെസ്റ്റുകള്‍ കളിക്കുന്നതിനായി താരം സാങ്കേതികമായി ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ഇതോടെ മായങ്ക് അഗര്‍വാളിന് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ടീമിന് തിരിച്ചിടിയാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും.
മാനേജ്മെന്‍റ് നീക്കത്തിനെതിരെ കപില്‍
അതേസമയം പൃഥ്വി ഷായ്ക്ക് പകരം നിലവിലെ ടീമിന് പുറത്തു നിന്നും ആളെ വിളിക്കുന്നത് കളിക്കാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിനാണ് ആരംഭിക്കുന്നത്.