മുംബൈ : അയര്‍ലന്‍ഡ് (Ireland) പര്യടനത്തിനുള്ള ഇന്ത്യന്‍ (India) ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ (BCCI) പ്രഖ്യാപിച്ചത്. ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ വരുന്ന സാഹചര്യത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുമ്പോള്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്നത് നേരത്തേതന്നെ ഉറപ്പായിരുന്നു. ഇക്കാര്യം, വ്യക്തമാക്കുന്നതാണ് ടീം പ്രഖ്യാപനവും.
ഈ ടീമില്‍ എടുത്ത് പറയേണ്ടത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ മടങ്ങി വരവാണ്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന താരം ക്യാപ്‌റ്റന്‍ റോളിലാണ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബുംറ നേതൃത്വം നല്‍കുന്ന ടീമില്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഒരുപിടി യുവതാരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
പതിനഞ്ചംഗ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാംസണിനെയും ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. ഇത്, ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് താരം പുറത്താക്കപ്പെട്ടതിന്‍റെ സൂചനയാണോ എന്ന ആശങ്ക ഇപ്പോള്‍ ആരാധകര്‍ക്കിടയിലുണ്ട്. സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും അവസാന ഇലവനിലേക്ക് ജിതേഷ് ശര്‍മയെ മറികടന്ന് സഞ്‌ജു എത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അടിച്ചുപറത്താന്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ : കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കണ്ടിരുന്നതാണ് ഇടം കയ്യന്‍ ബാറ്റര്‍മാരുടെ അഭാവം. എന്നാല്‍, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ആറ് ഇടംകയ്യന്‍ ബാറ്റര്‍മാരാണ് സ്ഥാനം പിടിച്ചത്. വിന്‍ഡീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ആണ് ഇതില്‍ പ്രധാനി.
കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ റിങ്കു സിങ്, മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന തിലക് വര്‍മ, ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ എന്നിവരാണ് ടീമിലെ മറ്റ് ഇടംകയ്യന്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തിയിരിക്കുന്ന വാഷിങ്ടണ്‍ സുന്ദറും ഷഹ്‌ബാസ് അഹ്‌മ്മദുമാണ് ടീമിലെ മറ്റ് ഇടംകയ്യന്‍ താരങ്ങള്‍.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ നായക വേഷമണിയുന്ന റിതുരാജ് ഗെയ്‌ക്‌വാദ് ആദ്യമായി സീനിയര്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനാകുന്ന പരമ്പരകൂടിയാണ് വരാനിരിക്കുന്നത്. സ്‌പിന്നറായി രവി ബിഷ്‌ണോയ് ആണ് ടീമില്‍. ബുംറ നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, പ്രസിധ് കൃഷ്‌ണ, ആവേശ് ഖാന്‍ എന്നിവരും അണിനിരക്കും.
മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക. ഓഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. 20, 23 തീയതികളിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍.
ഇന്ത്യന്‍ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിധ് കൃഷ്‌ണ.