ന്യൂഡല്‍ഹി: എട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എ ടീം വീണ്ടും മത്സര രംഗത്തേക്ക്. ന്യൂസിലന്‍ഡ് എ ടീമിനെതിരായാണ് ഇന്ത്യ കളിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി മൂന്ന് വീതം ചതുര് ദിന, ലിസ്റ്റ് എ മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുക. ഈ മാസം അവസാനത്തോടെ ന്യൂസിലൻഡ് ടീം ഇന്ത്യയിലെത്തും.
ബെംഗളുരുവിലാണ് മത്സരങ്ങള്‍ നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ എട്ട് മുതൽ 25 വരെ നടക്കുന്ന ദുലീപ് ട്രോഫിയോട് അനുബന്ധിച്ചാണ് ന്യൂസിലൻഡിന്റെ ഇന്ത്യന്‍ പര്യടനം. ഒരു പിങ്ക് ബോൾ ഫിക്ചറും ബിസിസിഐ ആലോചിക്കുന്നുണ്ട്, എന്നാൽ അന്തിമ അനുമതി കാത്തിരിക്കുകയാണ്.
നേരത്തെ 2017-18 ല്‍ പര്യടനത്തിനെത്തിയ ന്യൂസിലൻഡ് എ ടീം വിജയവാഡയിൽ ഒരു ദിവസത്തെ പിങ്ക് ബോൾ മത്സരം കളിച്ചിരുന്നു. ഈ വര്‍ഷം നവംബറില്‍ പര്യടനത്തിനായി ക്രിക്കറ്റ് ഓസ്ട്രേലിയയുമായും ബിസിസിഐ ചർച്ച നടത്തുന്നുണ്ട്. അതേസമയം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ എ ടീം വീണ്ടും മത്സരിക്കാനിറങ്ങുന്നത്.
കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിലായിരുന്നു അവസാനമായി ഇന്ത്യ കളിച്ചത്. മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളാണ് പര്യടനത്തിലുണ്ടായിരുന്നത്.