ഹരാരെ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ട് ഏഴ് വര്‍ഷമായെങ്കിലും ഇതേവരെ 22 മത്സരങ്ങളില്‍ മാത്രമാണ് മലയാളി താരം സഞ്‌ജു സാംസണിന് അവസരം ലഭിച്ചത്. സിംബാബ്‌വെയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ 39 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 43 റണ്‍സടിച്ച് പുറത്താവാതെ നിന്ന സഞ്‌ജു ഇന്ത്യയുടെ ജയമുറപ്പിച്ചിരുന്നു.
110.26 സ്‌ട്രൈക്ക് റേറ്റോടെയാണ് സഞ്‌ജു സാംസണ്‍ കളിച്ചത്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചും താരം സ്വന്തമാക്കി. ഈ മിന്നുന്ന പ്രകടനത്തോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും സഞ്‌ജുവിന് കഴിഞ്ഞു.
ഇതോടെ സാക്ഷാല്‍ ധോണിക്ക് പോലും സ്വന്തമാക്കാന്‍ കഴിയാത്ത ഒരപൂര്‍വ റെക്കോഡും സഞ്‌ജു സ്വന്തം പേരിലാക്കി. സിംബാബ്‌വെയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോഡാണ് സഞ്‌ജു നേടിയത്. അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ തോല്‍പ്പിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 148 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ വിജയം പിടിച്ച ഇന്ത്യ ഇതോടെ മൂന്ന് മത്സര പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ അവസാനത്തെ മത്സരം നാളെ(22.08.2022) നടക്കും. ഹരാരെയില്‍ ഉച്ചതിരിഞ്ഞ് 12.45നാണ് മത്സരം ആരംഭിക്കുക.
also read: ഒറ്റക്കയ്യന്‍ ഡൈവിങ് ക്യാച്ചുമായി സഞ്‌ജു, കയ്യടിച്ച് ആരാധകര്‍