ലാഹോര്‍: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. അതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സിന്‍റെ ലക്ഷ്യം 26-ാം ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതിന് പിന്നാലെ ചെറിയ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയെന്ന് പരിഹസിച്ച് നിരവധി പാകിസ്ഥാന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ.
ഇന്ത്യയുടെ സ്ഥാനത്ത് പാകിസ്ഥാന്‍ ആയിരുന്നുവെങ്കില്‍ ലക്ഷ്യം മറികടക്കാന്‍ 50 ഓവർ എടുക്കുമായിരുന്നു എന്നാണ് കനേരിയ പറഞ്ഞത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കനേരിയയുടെ പ്രതികരണം.
"സിംബാബ്‌വെയ്‌ക്കെതിരെ 161 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായെന്ന് നിരവധി പാക് ആരാധകർ കളിയാക്കുന്നത് കണ്ടു. ഇന്ത്യയുടേത് ആക്രമണാത്മക സമീപനമായിരുന്നുവെന്നും, അവർ 26 ഓവറിനുള്ളിൽ കളി പൂർത്തിയാക്കിയെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. സമാനമായ സാഹചര്യത്തിൽ ലക്ഷ്യം മറികടക്കാന്‍ പാകിസ്ഥാൻ 50 ഓവറുകള്‍ എടുക്കുമായിരുന്നു", ഡാനിഷ് കനേരിയ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ അതിഥേയരെ 38.1 ഓവറില്‍ 161 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞൊതുക്കിയത്. ഇന്ത്യയ്‌ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 42 പന്തില്‍ 42 റണ്‍സെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
മറുപടിക്കിറങ്ങിയ ഇന്ത്യയെ പുറത്താവാതെ നിന്ന് 39 പന്തില്‍ 43 റണ്‍സടിച്ച് സഞ്‌ജു സാംസണാണ് വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുമായും സഞ്‌ജു സാംസണ്‍ തിളങ്ങിയിരുന്നു. ഇതോടെ മത്സരത്തിലെ താരമാവാനും സഞ്‌ജുവിന് കഴിഞ്ഞു.