ഹരാരെ: ഇന്ത്യ-സിംബാബ്‌വെ എകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഹരാരെയില്‍ ഉച്ചതിരിഞ്ഞ് 12.45നാണ് മത്സരം. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാനാണിറങ്ങുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.
ഇതോടെ ഏഷ്യ കപ്പിന്‍റെ ഭാഗമായ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവര്‍ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. കൂടാതെ മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ടീമില്‍ മാറ്റം വരുത്തിയില്ലെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യതയുണ്ട്.
ഏഷ്യ കപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറാവുമെന്ന് പ്രതീക്ഷിക്കുന്ന രാഹുല്‍ ഏറെക്കാലമായി ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ അവസാനമായി കളിച്ച രാഹുലിന് പരിക്കും കൊവിഡുമാണ് തിരിച്ചടിയായത്. പരിശീലനം ആവശ്യമായ താരം ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തിയേക്കും.
ഇതോടെ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിച്ചേക്കാം. മെല്ലപ്പോക്കെന്ന വിമര്‍ശനം നേരിടുന്ന ധവാന് പകരം സഞ്‌ജുവിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കണമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ മധ്യ നിരയില്‍ തന്നെയാണ് സഞ്‌ജുവിന് സാധ്യത. ബോളിങ് യൂണിറ്റില്‍ കഴിഞ്ഞ മത്സരത്തില്‍ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയെങ്കിലും വിക്കറ്റ് നേടാന്‍ കഴിയാതിരുന്ന കുല്‍ദീപ് യാദവിന്‍റെ പ്രകടനം വിലയിരുത്തപ്പെടും.
10 ഓവറില്‍ 36 റണ്‍സ് മാത്രമാണ് ഒന്നാം ഏകദിനത്തില്‍ താരം വഴങ്ങിയത്. ആദ്യ മത്സരത്തില്‍ പേസര്‍മാരായി ഉള്‍പ്പെട്ട ദീപക് ചഹാല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ മികവ് കാട്ടിയതിനാല്‍ ഇന്നും തുടര്‍ന്നേക്കും. ഇതോടെ ആവേശ് ഖാന് കാത്തിരിക്കേണ്ടി വരും.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റർമാരേയും ബൗളർമാരേയും പിന്തുണയ്‌ക്കുന്ന ഒരു ന്യൂട്രൽ പിച്ചാണ് ഹരാരെയിലേത്. മധ്യ ഓവറുകളിൽ റണ്‍സ് നിയന്ത്രിക്കുന്നതില്‍ സ്പിന്നർമാർ നിര്‍ണായകമാവും. 235 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയ ശതമാനം കൂടുതലാണ്.
ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്.
സിംബാബ്‌വെ: തദിവനാഷെ മരുമണി, ഇന്നസെന്‍റ് കൈയ, സീൻ വില്യംസ്, വെസ്‌ലി മധേവെരെ, സിക്കന്ദർ റാസ, റെജിസ് ചകബ്‌വ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പര്‍), റയാൻ ബേൾ, ലൂക്ക് ജോങ്‌വെ, ബ്രാഡ്‌ലി ഇവാൻസ്, വിക്‌ടർ ന്യോച്ചി, റിച്ചാർഡ് നഗാരവ