ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന് പുറമെ വിരാട് കോലിയും ഇന്ന് ഇന്ത്യയ്‌ക്കായി കളിക്കുന്നില്ല. പകരം സഞ്‌ജു സാംസണും അക്സര്‍ പട്ടേലുമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ രോഹിത്തിനും കോലിക്കും വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് ഹാര്‍ദിക് പറഞ്ഞു. മറുവശത്ത് വിന്‍ഡീസ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. റോവ്‌മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്ക്‌സ് എന്നിവര്‍ പുറത്തായപ്പോള്‍ അല്‍സാരി ജോസഫ്, കെസി കാര്‍ട്ടി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ(ഡബ്ല്യു), സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(സി), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ): ബ്രാൻഡൻ കിങ്, കെയ്‌ല്‍ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(സി/ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയർ, കെസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്.
ബാര്‍ബഡോസിലെ (Barbados) കെന്‍സിങ്ടണ്‍ ഓവലിലാണ് (Kensington Oval) മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നത്. ഇതേവേദിയില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു സന്ദര്‍ശകര്‍ ആതിഥേയര്‍ക്ക് എതിരെ നേടിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ സ്‌പിന്നര്‍മാരുടെ കരുത്തില്‍ 23 ഓവറില്‍ 114 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. നാല് വിക്കറ്റുകളുമായി കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയുമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സെടുത്തായിരുന്നു ഇന്ത്യ വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍റെ പ്രകടനം നിര്‍ണായകമായി. പരീക്ഷണത്തിന്‍റെ ഭാഗമായി സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയെങ്കിലും നിരാശപ്പെടുത്തിയിരുന്നു. ഒടുവില്‍ ഏഴാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്നും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ സന്ദര്‍ശകര്‍ക്ക് പരമ്പര പിടിക്കാം. ഇതോടെ തിരിച്ചടിച്ച് ഒപ്പമെത്താന്‍ വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് പ്രതീക്ഷിക്കാം.
മത്സരം കാണാനുള്ള വഴി: ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ (Jio Cinema) ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ മത്സരം ഓണ്‍ലൈനായും കാണാം. കൂടാതെ, ഫാന്‍കോഡ് (FanCode) ആപ്പിലൂടെയും മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുണ്ട്.