ട്രിനിഡാഡ് : ഏകദിനത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യയുടെ യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ക്യൂൻസ് പാർക്കില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലാണ് താരം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 57 പന്തില്‍ 54 റണ്‍സെടുക്കാന്‍ ശ്രേയസിന് കഴിഞ്ഞിരുന്നു.
നിലവില്‍ 28 മത്സരങ്ങളില്‍ 41.70 ശരാശരിയില്‍ 1,001റണ്‍സാണ് ഏകദിനത്തില്‍ ശ്രേയസിന്‍റെ സമ്പാദ്യം. താരത്തിന്‍റെ 25ാം ഏകദിന ഇന്നിങ്‌സായിരുന്നു ഇത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും ശ്രേയസിന് കഴിഞ്ഞു. മുൻ ബാറ്റർ നവ്‌ജ്യോത് സിങ് സിദ്ദുവും തുല്യമായ ഇന്നിങ്‌സുകളിലാണ് 1,000 ഏകദിന റൺസ് തികച്ചത്.
വിരാട് കോലിയും ശിഖർ ധവാനുമാണ് ഏകദിനത്തില്‍ ഏറ്റവും വേഗത്തിൽ 1000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. 24 ഇന്നിങ്‌സുകളിലാണ് ഇരുവരും ഈ നാഴികക്കല്ല് പിന്നിട്ടത്. കെഎല്‍ രാഹുല്‍ (27 ഇന്നിങ്‌സ്), എംഎസ് ധോണി, അമ്പാട്ടി റായിഡു (ഇരുവരും 29 ഇന്നിങ്) എന്നിവരുടേതാണ് പട്ടികയിലെ മറ്റ് പേരുകള്‍.
അതേസമയം ഏകദിനത്തിലെ ആദ്യ 25 ഇന്നിങ്സുകളില്‍ ഏറ്റവും കൂടുതല്‍ തവണ അന്‍പതില്‍ അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും ശ്രേയസിന് കഴിഞ്ഞു. 10 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമായി 11 തവണയാണ് ശ്രേയസ് 50ന് മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടുള്ളത്. 12 തവണ 50ന് മുകളില്‍ നേടിയ സിദ്ദുവാണ് പട്ടികയില്‍ തലപ്പത്തുള്ളത്. വിരാട് കോലി (10), ശിഖര്‍ ധവാന്‍ (9) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.