ട്രിനിഡാഡ്: വിമര്‍ശനങ്ങള്‍ തന്നെ തളര്‍ത്താറില്ലെന്ന് ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍. അവ തന്നെ ബാധിച്ചിരുന്നെങ്കില്‍ ഇവിടെ വരെ എത്താന്‍ കഴിയുമായിരുന്നില്ലെന്നും ധവാന്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ധവാന്‍റെ പ്രതികരണം.
സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചതോടെ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. വാര്‍ത്ത സമ്മേളനത്തിനിടെ വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ബാധിക്കുകയെന്ന ചോദ്യത്തോടാണ് ധവാന്‍റെ പ്രതികരണം.
”അസാധാരണമായൊന്നും എനിക്ക് തോന്നുന്നില്ല. 10 വര്‍ഷമായി ഞാന്‍ ഇത് കേള്‍ക്കുന്നു. ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ കളിക്കുന്നതും തുടരുന്നു. അവരെ കേട്ടിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരെ എത്തില്ല. സ്വയം വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നിടത്തോളം മറ്റൊന്നും പ്രധാനമല്ല”, ധവാൻ പറഞ്ഞു.
"ഞാൻ വളരെ പോസിറ്റീവായ വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റിവിറ്റി എന്നത് ആത്മവിശ്വാസത്തെ കുറിച്ചാണ്. വർഷങ്ങളായി കളിക്കുന്നതിനാല്‍ എന്നോടൊപ്പം അതുണ്ട്. കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്‌തതിനാലാണ് ഞാന്‍ ഇവിടെ എത്തിയത്. യുവ കളിക്കാര്‍ക്ക് കൈമാറാൻ ഞാന്‍ ആഗ്രഹിക്കുന്നത് ഈ പോസിറ്റിവിറ്റി തന്നെയാണ്", ധവാന്‍ പറഞ്ഞു.
"എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ എന്‍റെ ജോലി എന്താണെന്നും എന്താണ് ചെയ്യേണ്ടത് എന്നും എനിക്ക് അറിയാം", ധവാന്‍ കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളില്‍ തന്‍റെ കളി ശൈലി മാറ്റാന്‍ തയ്യാറല്ല. രാജ്യാന്തര ക്രിക്കറ്റില്‍ എപ്പോഴും സമ്മര്‍ദമുണ്ടെന്നും ധവാന്‍ വ്യക്തമാക്കി.
also read: ഇന്ത്യയുടെ വിന്‍ഡീസ് പരീക്ഷയ്‌ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനം വൈകിട്ട് ഏഴ് മുതല്‍